തിരുവനന്തപുരം: കനത്ത തെരഞ്ഞെടുപ്പ് പ്രഹരത്തിന് പിന്നാലെ വീഴ്ചകളുടെ കണക്കെടുപ്പിന് തുടക്കമിടാൻ ബുധാനാഴ്ച സി.പി.എം സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. പരാജയത്തിന് കാരണമെണ്ണുന്ന കൂട്ടത്തിൽ പാർട്ടിക്കുള്ളിൽ സംസ്ഥാന സെക്രട്ടറിയെ ഉന്നമിട്ടുള്ള നീക്കങ്ങൾകൂടി സജീവമാകുന്നതിനിടെയാണ് നേതൃയോഗം. സമീപകാലത്തെ ഏറ്റവും വലിയ പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലുകളും പരിശോധനയുമാണ് പ്രധാന അജണ്ട.
പരാജയം അംഗീകരിക്കുന്നുവെന്നും തെറ്റ് തിരുത്തുമെന്നും പാർട്ടി സമ്മതിച്ച സാഹചര്യത്തിൽ ഇതിനുള്ള പ്രാരംഭ നടപടികൾക്ക് സെക്രട്ടറിയേറ്റ് യോഗം തുടക്കമിടുമോ എന്നതാണ് ഉറ്റുനോക്കുന്നത്. സംഘടനപരമായ ഘടകങ്ങളോക്കാൾ നേതൃത്വത്തിന്റെ നിലപാടുകൾക്ക് നേരെയാണ് പ്രധാനമായും വിമർശനം. തളിപ്പറമ്പ് സ്ഥാനാർഥിത്വത്തിന് പിന്നാലെ സ്വജനപക്ഷപാതമെന്ന കടുത്ത വിമർശനം നേരിടുന്ന എം.വി. ഗോവിന്ദൻ പദവി ഒഴിയണമെന്ന ആവശ്യം ഉൾപാർട്ടി ചർച്ചകളിൽ ശക്തമാവുകയാണ്. ശക്തികേന്ദ്രങ്ങളിൽ കേഡർ വോട്ടുകൾ വൻതോതിൽ ചോർന്നെന്നും പ്രാദേശിക നേതാക്കൾ പോലും പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നുമുള്ള വിലയിരുത്തലും സി.പി.എമ്മിലുണ്ട്.
കേഡർ അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിയും സംഘടന കാർക്കശ്യവും അവർത്തിക്കുമ്പോഴും പാർട്ടിയിലെ പ്രമുഖ നേതാക്കൾതന്നെ പാളയത്തിൽ തീകൊളുത്തിയതും പരസ്യമായി വെല്ലുവിളിച്ചതും വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും വിമർശനമുണ്ട്.
വിഭാഗീയതക്ക് വിരാമമിട്ടശേഷം ഉയർന്ന ഒറ്റപ്പെട്ട വിമത നീക്കങ്ങളെ സംഘടനശേഷിയിൽ അപ്രസക്തമാക്കിയ അനുഭവങ്ങളാണ് കഴിഞ്ഞ 13 വർഷത്തേതെങ്കിൽ പാർട്ടിയുടെ അടിത്തറയിളക്കുംവിധം പ്രഹരശേഷിയാർജ്ജിച്ചതാണ് പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും കണ്ടത്. ഇതുവരെ വാഴ്ത്തിയ ഇടതു ഹാന്റുകളും നേതൃത്വത്തെ കൈവിടുകയാണ്. ഇനിയും തിരുത്തിയില്ലെങ്കിൽ അപകടമെന്ന് ഓർമിപ്പിക്കുന്ന പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റ് സി.പി.എം രാഷ്ട്രീയത്തിൽ കത്തിപ്പടരാൻ ശേഷിയുളള കനലാണെന്ന് കരുതുന്നവരും നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.