കോഴിക്കോട്: ഇടതുകോട്ട തകർത്ത് എതിരാളികളെ കെട്ടിത്തൂക്കിയ വിജയവുമായി കോഴിക്കോട്ട് യു.ഡി.എഫ് ഇതിഹാസം രചിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മഹാതരംഗത്തിൽ 13 നിയമസഭ മണ്ഡലങ്ങളിൽ 12ലും എൽ.ഡി.എഫ് കടപുഴകി. ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ബേപൂരിൽ സി.പി.എം സ്ഥാനാർഥി മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാത്രം പിടിച്ചുനിന്നു. അസാധാരണമായ അടിയൊഴുക്കിൽ സംഭവിച്ചത് യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വിജയം. കോഴിക്കോടിന്റെ രാഷ്ട്രീയചരിത്രത്തിൽ യു.ഡി.എഫിന്റെ ഇത്തരമൊരു തൂത്തുവാരൽ ആദ്യത്തേതാണ്.
20 വർഷത്തിലേറെയായി കോൺഗ്രസിന് എം.എൽ.എമാരില്ലാത്ത ജില്ലയിൽ കൈപ്പത്തിയിൽ മത്സരിച്ച അഞ്ചിൽ അഞ്ച് പേരും ജയിച്ചു. കോണി ചിഹ്നത്തിൽ മത്സരിച്ച മുസ്‍ലിം ലീഗിന്റെ ആറിൽ ആറുപേരും ജയിച്ചു. മുസ്‍ലിം ലീഗ് ചരിത്രത്തിലാദ്യമായി വനിത പ്രതിനിധിയെ നിയമസഭയിലേക്ക് അയക്കുന്നത് പേരാമ്പ്രയിൽ മത്സരിച്ച ഫാത്തിമ തഹ്‍ലിയയിലൂടെ.
2016ലും 2021ലും രണ്ട് വീതം എം.എൽ.എമാർ മാത്രമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളൂ. ഇടതു കോട്ടകൾ ആയി വിശേഷിപ്പിക്കപ്പെടുന്ന പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃ്ഷണനെതിരെ ഫാത്തിമ തഹ്‍ലിയയും ബാലുശ്ശേരിയിൽ സച്ചിൻദേവിനെതിര വി.ടി. സൂരജും എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വിദ്യ ബാലകൃഷ്ണനും നേടിയ വിജയത്തിന് തിളക്കമേറെയാണ്.
കൊയിലാണ്ടിയിൽ 2001ന് ശേഷം ആദ്യമായി വിജയം നേടിയ അഡ്വ. കെ. പ്രവീൺകുമാർ തോൽപിച്ചത് സി.പി.എമ്മിന്റെ ശക്തനായ നേതാവ് കെ. ദാസനെയാണ്. ഒരിക്കൽപോലും തോൽവിയുടെ രുചിയറിയാത്ത ഇടതു സ്വതന്ത്രൻ പി.ടി.എ. റഹീമിനെ നിയമസഭയിലേക്കുള്ള അഞ്ചാമങ്കത്തിൽ അടിയറവ് പറയിച്ചത് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്ററാണ്. പിടിച്ചടക്കാൻ വളരെ പ്രയാസമുള്ള കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനെ കീഴടക്കിയത് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോഴിക്കോട് സൗത്ത് മണ്ഡലം ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിനെ തറപറ്റിച്ച് മുസ്‍ലിം ലീഗിലെ പുതുമുഖ സ്ഥാനാർഥി ഫൈസൽ ബാബു തിരിച്ചുപിടിച്ചു.
ബേപൂരിൽ അസാധാരണമായ പ്രകടനം കാഴ്ചവെച്ചെങ്കിലും പി.വി. അൻവറിന് റിയാസിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. റിയാസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 28,000ത്തിന് മുകളിൽ ആയിരുന്നു. ഇത്തവണ അത് 7487 വോട്ടായി കുറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം (36,682 വോട്ട്) നേടിയത് കൊടുവള്ളിയിൽ മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ. ഫിറോസ്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം അഡ്വ. കെ. ജയന്തിനാണ്, 1478 വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.