മരം മുറി: ഉത്തരവിനായി വാദിച്ചത് റവന്യൂ - വനം മുൻമന്ത്രിമാർ

കൊച്ചി: പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ ഉത്തരവിനായി വാദിച്ചത് മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. രാജുവുമാണെന്ന് ഫയലുകൾ. കർഷകർ നട്ടുവളർത്തിയ തേക്ക് ഉൾപ്പെടെ മരങ്ങൾ മുറിക്കുന്നതിന് നിരവധി അപേക്ഷകൾ ലഭിച്ചതിനാൽ അനകൂല നിലപാട് സ്വീകരിക്കണമെന്നായിരുന്നു രണ്ട് മന്ത്രിമാരും യോഗങ്ങളിൽ വാദിച്ചത്.

1964 ലെ ചട്ടം ഭേദഗതി ചെയ്ത 2017 ഓഗസ്റ്റ് 17ലെ വിജ്ഞാപനത്തിന് മുൻകാല പ്രബല്യമുണ്ടാവില്ലെന്ന് വനം മേധാവി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. വിജ്ഞാപനപ്രകാരം തേക്ക് , ഈട്ടി, എബണി, ചന്ദനം എന്നിങ്ങനെ നാലു ഇനങ്ങളുടെ അവകാശം പാട്ടഭൂമിയുടെ ഉടക്ക് നൽകാനാവില്ലെന്നും അദ്ദേഹം വാദിച്ചു.




1964ലെ ഭൂ പതിവ് ചട്ടത്തിലെ അനുബന്ധം മൂന്നിലെ പാർട്ട് 'എ'യിലെ 57 മരങ്ങളിലോ പാർട്ട് 'ബി'യിലെ 11 മരങ്ങളിലോ ഈ നാലു മരങ്ങൾ പാർമർശിച്ചിട്ടില്ല. അതിനാൽ ചട്ടം 10 (മുന്ന്)ൽ പ്രതിപാദിക്കുന്നതനുസരിച്ച് വില അടച്ചോ അടക്കാതെയോ ഈ നാല് ഇനങ്ങൾ പട്ടയ ഉടമക്ക് സ്വന്തമാക്കാൻ 2017ലെ ചട്ടഭേദഗതിയിലൂടെ കഴിയില്ല. പട്ടയത്തിൽ റസർവ് ചെയ്ത മരങ്ങളോ പട്ടയത്തിലെ വ്യവസ്ഥ പ്രകാരം സർക്കാരിൽ നിക്ഷിപ്തമാകുന്ന തേക്ക്, എബണി, ഈട്ടി, ചന്ദനം എന്നീ ഇനങ്ങളോ മുറിക്കാൻ വംനവകുപ്പിൻെറ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല. ഈ നാല് ഇനത്തിൽ ഉൾപ്പെടുന്ന മരങ്ങളുട കിളിർത്ത് വരുന്ന തൈകൾ പാട്ടഭൂമിയുടെ ഉടമ സരക്ഷിക്കണെന്നാണ് വ്യവസ്ഥയെന്നും വനം മേധാവി ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് നോട്ട് ഫയൽ വ്യക്തമാക്കുന്നു. പട്ടയം ലഭിച്ചതിനുശേഷം കർഷകർ നട്ടുവളർത്തിയതും സ്വമേധയാ കിളിർത്ത് വന്ന് മരമായവയും വേർതിരിക്കുക പ്രായോഗികമല്ലെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു.

കോതമംഗലം എം.എൽ.എ ആൻറണി ജോൺ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് നൽകിയ കത്തിൻെറ അടിസ്ഥാനത്തിലാണ് 2020 ഫെബ്രുവരി അഞ്ചിന് നിയമസഭാ സമുച്ചയത്തിലെ റവന്യൂ മന്ത്രിയുടെ ചേംബറിൽ യോഗം നടത്തിയത്. വനംമന്ത്രിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്ന് യോഗത്തിൽ പങ്കെടുത്ത റവന്യൂ-വനം മന്ത്രിമാർ വനം മേധാവിയുടെ നിലപാടിനെ എതിർത്തു. 2017ലെ വിജ്ഞാപനം അനുസരിച്ച് കർഷകർ നട്ടുവളർത്തിയ ചന്ദനമൊഴികെയുള്ള മറ്റ് മരങ്ങൾ മുറിക്കുന്നതിന് റവന്യൂവകുപ്പിന് എതിർപ്പില്ലെന്ന് മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. കോതമംഗലം പ്രദേശത്ത് മാത്രം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൻെറ കാരണമെന്തെന്നായിരുന്നു അദ്ദേഹത്തിൻെറ ചോദ്യം. ഭൂ പതിവ് ചട്ടങ്ങൾ മറികടന്ന് ഇരുമന്ത്രിമാരും മരംമുറിക്ക് ഒത്താശ ചെയ്തുവെന്നാണ് ഫയൽ വ്യക്തമാക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.