ഇടുക്കി: കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വനം മന്ത്രി ഷിബു ബേബി ജോണിനെ പരിഹസിച്ച് മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യമൃഗ ശല്യം പരിഹരിക്കാൻ ഒറ്റമൂലി ഇല്ലെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. പുതിയ വനംമന്ത്രി പ്രവർത്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതേ കാര്യങ്ങളാണ് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അന്ന് തന്നെ വേട്ടയാടിയവർ, തന്നെ വിമർശിച്ചവർ ഇക്കാര്യങ്ങൾ മനസ്സിലാക്കണം. ഷിബു ബേബി ജോൺ ഉറങ്ങിയപ്പോൾ അല്ല ഉണർന്നിരിക്കുമ്പോൾ തന്നെയാണ് കാട്ടാന വന്നതെന്നും മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് രാവിലെയാണ് യുവതി മരിച്ചത്. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരിയാണ് മരിച്ചത്. മകനെ സ്കൂളിൽ വിടാൻ പോകവേ രാവിലെ 8.30നായിരുന്നു സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ മാരിയുടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന റോഡിൽ നിൽക്കുന്നത് കണ്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിൽനിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൂടൽമഞ്ഞുള്ള സമയമായതിനാൽ കാട്ടാനക്കൂട്ടം സമീപത്തുള്ളത് തിരിച്ചറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് ആർ.ആർ.ടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. കാട്ടാനശല്യത്തിനെതിരേ പ്രദേശവാസികൾ പലതവണ പരാതികളുമായി അധികൃതർക്ക് മുന്നിലെത്തിയെങ്കിലും പരാതി പരിഹരിച്ചില്ല. ഈ മേഖലയിൽ നിന്ന് മുമ്പ് അരിക്കൊമ്പന്റെ ആക്രമണമുണ്ടാവുകയും തുടർന്ന് ആനയെ പിടിച്ചുകൊണ്ടുപോയി മറ്റോരിടത്ത് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.