തിരുവനന്തപുരം: മുൻ എ.ഐ.സി.സി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാർഥിയുമായിരുന്ന എൻ.കെ സുധീർ ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെസാന്നിധ്യത്തിൽ ആണ് എൻ.കെ സുധീർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആലത്തൂർ ലോക്‌സഭാ ഇലക്ഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ ചുമതലകളും സുധീർ വഹിച്ചിട്ടുണ്ട്.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാർഥിയായിരുന്നു എന്‍.കെ സുധീര്‍, പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം വൈകുന്ന ഘട്ടത്തിലേക്കാണ് സുധീര്‍ പാര്‍ട്ടി വിടുന്നതെന്നും സൂചനയുണ്ട്.
അതേസമയം കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എന്‍ കെ സുധീറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടി.എം.സി നേതാവ് പി.വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്.
ചേലക്കരയില്‍ സി.പി.എം സ്ഥാനാർഥി യു.ആര്‍ പ്രദീപ് വിജയിച്ചപ്പോള്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി.വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.