പ്രജീഷിനെ കൊന്നുതിന്ന കടുവയെ തിരിച്ചറിഞ്ഞുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ: ‘13 വയസ്സ് പ്രായമുള്ള 45ാംനമ്പർ കടുവ; വെടിവെച്ച് കൊല്ലാൻ നടപടി’

കോട്ടയം: വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നുതിന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞുവെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി മന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമകാരിയായ ഈ കടുവയെ വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.കെ. ശശീന്ദ്രൻ കോട്ടയം കുറവിലങ്ങാട്ട് പറഞ്ഞു.

നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതിതിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - forest department identified the tiger that killed Prajeesh -minister AK saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.