ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിൻഡന്റ് കെ.സുനിൽ

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള നിർദേശം; പഞ്ചായത്ത് പ്രസിഡന്റിനെതിരെ വനം വകുപ്പ്, ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കാൻ നിർദേശം

കോഴിക്കോട്: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിൻഡന്റ് കെ.സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കാനാണ് നിർദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പ്രമോദ് ജി കൃഷ്‌ണനാണ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനിൽ പറഞ്ഞു. പഞ്ചായത്തുകൾക്ക് പൊതുവായി നൽകിയ ഓണററി പദവിയിൽ നിന്ന് ഒരു പഞ്ചായത്തിനെ മാത്രം മാറ്റി നിർത്താൻ കഴിയില്ലെന്നും വിഷയം നാളെ ചേരുന്ന ഭരണ സമിതി യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന ഏതൊരു വന്യമൃഗത്തെയും വെടിവക്കുമെന്നും ഇതിനായി 20 എം പാനൽ ഷൂട്ടര്‍മാരെ നിയമിക്കുമെന്നുമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.

നിയമവിരുദ്ധമാണെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെ.സുനിൽ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനം വനഭൂമിയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം വന്യജീവി ആക്രമണം ആണ്. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണസമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയതെന്ന് കെ.സുനിൽ പറഞ്ഞു. 

Tags:    
News Summary - Forest Department against Chakkitappa Panchayat President for suggestion to shoot wild animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.