പി.എസ്. സഞ്ജീവ്
ആര് വഹിക്കും യാത്രാച്ചെലവ്? മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ. സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം പറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പി.എസ്. സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാറിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ യു.ഡി.എഫ് കേന്ദ്രങ്ങൾ ചോദ്യമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും സഞ്ജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ ഈ അഴിമതിക്കാർ തയാറായാലും യു.ഡി.എഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയോ ബജറ്റോ സെക്രട്ടറിയേറ്റോ ഒന്നും ഇല്ലാതെ സ്പോൺസർഷിപ്പിലൂടെ ഭരണം നടത്തുന്നതാണ് യു.ഡി.എഫ് ശൈലിയെന്നും ഇതാണോ യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ഭരണ മാതൃകയെന്നും ഫെസ്ബുക്ക് പോസ്റ്റിൽ സഞ്ജീവ് ചോദിച്ചു.
അതേസമയം, മന്ത്രിമാരുടെയടക്കം യാത്രാവിവാദം കത്തുന്നതിനിടെയാണ് മഴക്കെടുതി ദുരന്തമുണ്ടായ മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റിൽ എത്തിയത്. പൊലീസിന്‍റെ വാടക ഹെലികോപ്റ്ററിന്‍റെ കരാർ കാലാവധി തീർന്നതോടെയാണ് ബംഗളൂരുവിൽ നിന്ന് ചാർട്ടേഡ് ഫ്ലേറ്റ് മുഖ്യമന്ത്രി എത്തിയത്. ഇതിനുള്ള ചെലവ് ആര് വഹിക്കുമെന്നതിൽ സർക്കാർ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.