ചോക്കാട് മലവെള്ളപ്പാച്ചിൽ: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും -മുഖ്യമന്ത്രി
മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മഴക്കാലം പോലുമല്ലാതിരുന്ന സമയത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.
ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിക്കാത്ത ഈ പ്രദേശം നല്ല ഭംഗിയുള്ളതാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തിയത്. ഈ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ല ഭരണകൂടം ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
മരണപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഔദ്യോഗിക സഹായം പ്രഖ്യാപിക്കും. കൂടാതെ, ജില്ല അടിസ്ഥാനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് തയ്യാറാക്കുമെന്നും എൻജിഒകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഞായർ വൈകിട്ട് അഞ്ച് മണിയോടെയാണ് ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഉളർവട്ടം കടവിലും പൂക്കോട്ടുംപാടം ടികെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തിൽ ഒഴുക്കിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി എൻഡിആർഎഫ് സംഘവും അഗ്നിശമനസേനയും മറ്റ് സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി സജ്ജാദ് കുപ്പനത്ത്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.