കോൺഗ്രസ് നിലപാട് പോലും അവഗണിച്ച് മുഖ്യമന്ത്രി ലേബർ കോഡ് നടപ്പാക്കുന്നു; ആരെ തൃപ്തിപ്പെടുത്താനാണെന്നും പിണറായി
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയിൻ. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ട് മുഖ്യമന്ത്രി എൻ.ഡി.എ സർക്കാർ നയങ്ങൾ അതേപടി പിൻപറ്റുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഈ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്റിൽ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണ്ണമായും കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കാനാണ് ഈ കോഡുകൾ കൊണ്ടുവന്നത്. അന്ന് ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചതാണെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.
ലേബർ കോഡിനെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി. ഗോപാൽ ഗൗഡ അധ്യക്ഷനായ കമ്മീഷനെ 2026 ജനുവരി 22-ന് എൽ.ഡി.എഫ് സർക്കാർ നിയമിച്ചിരുന്നു. തൊഴിലാളികളുടെയും ട്രേഡ് യൂനിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും വ്യക്തമാക്കി കമീഷൻ റിപ്പോർട്ടും സമർപ്പിച്ചതാണ്. എന്നാൽ ഗോപാൽ ഗൗഡ കമീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കെ, അതിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ മുഖ്യമന്ത്രി വ്യഗ്രത കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലേബർ കോഡിലെ ഒന്നോ രണ്ടോ നിർദേശങ്ങളിൽ മാത്രമാണ് പ്രശ്നമെന്നു പറഞ്ഞ് കാര്യങ്ങളെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ പി.എം. ശ്രീ പദ്ധതിയിലും വഖഫ് ഭേദഗതി നിയമത്തിലും ഉൾപ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബർ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.