മഴയത്ത് ചോർന്നു, വഴിയിൽ കിടന്നു; കെ.എസ്.ആർ.ടി.സിയിൽ പത്തനംതിട്ട - മംഗളൂരു യാത്രാദുരിതത്തിൽ വലഞ്ഞ് യാത്രക്കാർ

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിൽ യാത്രാദുരിതമൊഴിയുന്നില്ല. പത്തനംതിട്ട - മംഗളൂരു കെ.എസ്.ആർ.ടി.സി സർവീസാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് മടങ്ങിവരുന്നതിനിടെ മഴയിൽ ബസ് ചോർന്നതിനെത്തുടർന്ന് ആദ്യം തൃശൂരിൽ ബസ് മാറ്റിയതടക്കം മൂന്ന് ബസുകളിലാണ് യാത്രക്കാർ മാറിക്കയറിയത്. ഇതേത്തുടർന്ന് രണ്ടര മണിക്കൂർ വൈകിയാണ് ബസ് പത്തനംതിട്ട ഡിപ്പോയിൽ എത്തിയത്.

ശനിയാഴ്ച വൈകിട്ട് 5.30ന് പത്തനംതിട്ടയിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെടുമ്പോൾ വാഹനത്തിന്റെ തകരാറും പെർമിറ്റ് ഇല്ലാത്തതും കാരണം നാല് ഡിപ്പോകളിൽ കയറി ബസ് മാറ്റി, അഞ്ച് മണിക്കൂറോളം വൈകിയാണ് യാത്രക്കാർ മംഗളൂരുവിൽ എത്തിയത്. ദുരിതയാത്രയിൽ കോളേജ് വിദ്യാർഥികളും ശബരിമല ദർശനത്തിനുശേഷം മടങ്ങിയ തീർഥാടകരും അടക്കമുള്ളവർ ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയിൽ മൂന്ന് ബസുകൾ മാറിക്കയറേണ്ട സാഹചര്യമാണുണ്ടായത്.

പെർമിറ്റ് ഇല്ലാത്ത കാരണത്താൽ ശനിയാഴ്ച കാസർകോട് ഡിപ്പോയിലെ എ.സി.പി 196 ബസിൽ യാത്രക്കാർ മംഗളൂരുവിൽ എത്തി. ഈ ബസിലാണ് ഞായറാഴ്ചത്തെ മടക്കം. ബസ് രാത്രിയാണ് കാസർകോട് ഡിപ്പോയിൽ എത്തിയത്. തുടർന്ന് വാഹനം മാറ്റി നൽകിയ ശേഷം എ.സി 127 നമ്പറിലുള്ള ബസിലായിരുന്നു തുടർന്നുള്ള യാത്ര. ഇന്നലെ പുലർച്ചെ നാലോടെ ബസ് തൃശൂരിലേക്ക് വരുമ്പോൾ പെയ്ത കനത്ത മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് യാത്രക്കാർ പരാതി ഉയർത്തി.

ചിലർ തിരുവനന്തപുരം കൺട്രോൾ റൂമിലും വിവരം അറിയിച്ചു. ഇതേത്തുടർന്ന് തൃശൂർ ഡിപ്പോയിൽനിന്ന് ആർ.ടി.സി 439 നമ്പറിലുള്ള ഫാസ്റ്റ് ബസ് അനുവദിച്ചു. യാത്രക്കാർ എല്ലാവരും ഇതിലേക്ക് വീണ്ടും മാറിക്കയറി. ഇന്നലെ രാവിലെ 9.30-നാണ് ബസ് പത്തനംതിട്ട ഡിപ്പോയിൽ എത്തിയത്. കൃത്യസമയത്ത് ഓടിയിരുന്നെങ്കിൽ പുലർച്ചെ ഏഴ് മണിക്ക് ഡിപ്പോയിൽ എത്തേണ്ട ബസായിരുന്നു ഇത്. ഈ റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തിയിരുന്നത് കെ.എസ് 47, കെ.എസ് 97 ബസുകളായിരുന്നു. സെൻസർ തകരാറിനെത്തുടർന്ന് ഓടാൻ കഴിയാതെ ഇവ പത്തനംതിട്ട ഡിപ്പോയിൽ കിടപ്പാണ്.

Tags:    
News Summary - A Nightmare on Wheels: Pathanamthitta-Mangalore KSRTC Transit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.