കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പൊലീസ് ഒത്താശയിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിലെത്തിച്ചശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലീസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി ജില്ല ആസ്ഥാനത്തെ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തെങ്കിലും കൊടുംകുറ്റവാളികളോട് ജയിൽ വകുപ്പും പൊലീസും സ്വീകരിക്കുന്ന മനോഭാവമാണ് പുറത്തായത്.
മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ ജൂലൈ 17ന് തലശ്ശേരിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലീസ് ജീപ്പ് നിർത്തിയത്. അതിനടുത്ത് നിർത്തിയിട്ട കാറിൽനിന്നാണ് മദ്യവും ഭക്ഷണവും കഴിക്കുന്നത്. കാറും ഭക്ഷണവും നേരത്തേ സജ്ജമാക്കിയതിനാൽ എല്ലാം മുൻകൂട്ടി തയാറാക്കിയതാണെന്ന് വ്യക്തമാണ്.
പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇവർ മദ്യപിക്കുമ്പോൾ ആരും തടസ്സമാവുന്നില്ല. ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.
പ്രതികളെ തിരിച്ചറിഞ്ഞ ചിലർ ഉടൻ പൊലീസിൽ വിവരമറിയിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒമാരായ ജിഷ്ണു, വിനീഷ്, വൈശാഖ് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്തെങ്കിലും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ പൊലീസ് സാന്നിധ്യത്തില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ മദ്യപിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നാണക്കേടിലായ പൊലീസ് മുഖം രക്ഷിക്കാന്‍ കടുത്ത നടപടികളിലേക്ക്.
കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവരുമ്പോഴും ടി.പി കേസ് പ്രതികള്‍ക്ക് കൈവിലങ്ങ് വെക്കാനാണ് തീരുമാനം. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയില്‍ എസ്കോര്‍ട്ടിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് എസ്കോര്‍ട്ടിന് നിയോഗിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മദ്യപാനവുമായി ബന്ധപ്പെട്ട് കൊടി സുനിക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലിന് അകത്താണ് കുറ്റകൃത്യം നടത്തിയതെങ്കില്‍ പ്രിസണ്‍ ആൻഡ് കറക്ഷന് ആക്ട് പ്രകാരമാണ് കേസെടുക്കുക.
എന്നാല്‍, ജയിലിന് പുറത്താണ് മദ്യപാനം നടന്നത്. അതിനാല്‍, എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.