കണ്ണൂര്‍: യൂനിഫോമിലെത്തി വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയതിൽ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍. വ്ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയ ദൃശ്യം പുറത്ത് വന്നതോടെയാണ് ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത്ത് കോടേരിയും എ.സി.പി പ്രദീപ് കണ്ണിപ്പൊയിലുമാണ് ആരോപണവിധേയർ.
വ്യവസായിയുടെ കണ്ണൂര്‍ കാല്‍ടെക്‌സിലെ സ്ഥാപനത്തിലെത്തിയാണ് എസ്.എച്ച്.ഒ വിലപിടിപ്പുള്ള ഉപഹാരം കൈപ്പറ്റിയത് എന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യവസായി തന്നെ റീല്‍സായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. എസ്.എച്ച്.ഒയുടെ നടപടി പൊലീസ് ആക്ടിന്റെ ലംഘനമാണെന്നും സര്‍വീസ് ചട്ടങ്ങള്‍ മറികടന്നതിന് നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നു.
സംഭവത്തില്‍ എസ്.എച്ച്.ഒക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. എ.സി.പിയായ പ്രദീപ് കണ്ണിപ്പൊയില്‍ യൂണിഫോമിലെത്തി ഉപഹാരം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും വ്യവസായി പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണ നിറത്തിലുള്ള മുത്തപ്പന്‍ വിളക്കാണ് ശ്രീജിത്ത് കൊടേരിക്ക് കടയുടമ ഉപഹാരമായി നല്‍കിയത്. ജന്മദിന സമ്മാനമായാണ് നല്‍കിയത് എന്നാണ് ആരോപണം. എന്നാല്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് കൊടുക്കാനായി താന്‍ ഉരുളി വാങ്ങാന്‍ പോയപ്പോള്‍ സൗജന്യമായി മുത്തപ്പന്‍ വിളക്ക് നല്‍കുകയായിരുന്നുവെന്നാണ് ശ്രീജിത്ത് കൊടേരിയുടെ വിശദീകരണം.
തനിക്കെതിരെ പരാതി നല്‍കിയയാള്‍ക്കെതിരെ ഉപഭോക്തൃ കോടതി ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ശ്രീജിത്ത് കൊടേരി വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.