ഭക്ഷ്യ വിഷബാധ: 144 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 83 പേരെ ഡിസ്ചാര്‍ജ് ചെയ്തു 

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ  തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 144 വിദ്യാർഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍  പ്രവേശിപ്പിച്ചുവെന്ന്​ സംസ്ഥാന സർക്കാർ. ഇതിൽ 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പ്രത്യേക വാര്‍ഡില്‍ നിന്നും 69 പേരേയും വാര്‍ഡ് 14ല്‍ നിന്ന് 14 പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. പനി, ഛര്‍ദില്‍, വയറിളക്കം എന്നിവയുള്ള കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വ്യാഴാഴ്ച രാത്രി 9 മണിയോടു കൂടിയാണ് എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളെ കൊണ്ടുവന്നു തുടങ്ങിയത്. ആദ്യം 30 പേര്‍ എത്തുമെന്ന അറിയിപ്പാണ് ആശുപത്രിയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ രാത്രി രണ്ടര വരേയും ഇടയ്ക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നുകൊണ്ടിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ 98 പേരെയാണ് കൊണ്ടുവന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ചെറിയ ബുദ്ധിമുട്ടുകളുമായി 46 വിദ്യാര്‍ത്ഥികളേയും കൊണ്ടുവന്നു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ നിയമിച്ചു. നഴ്‌സിംഗ് കോളേജില്‍ നിന്നും അധികം നഴ്‌സുമാരെ വിളിച്ചു വരുത്തി. വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിചരിക്കാനായി 2 വാര്‍ഡുകള്‍ തുറന്നു. മരുന്ന് ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞു പോയ പല ജീവനക്കാരും തിരികെ വന്ന് കുട്ടികളെ ചികിത്സിക്കാന്‍ സഹായിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ആര്‍.എം.ഒ., യൂണിറ്റ് ചീഫ് എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. 

ബുധനാഴ്ച കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് കൂടെ വന്നവര്‍ പറയുന്നത്. ഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടു വന്നവര്‍ക്കും അന്ന് സ്‌കൂളില്‍ വരാത്തവര്‍ക്കും കൂടി ബുദ്ധിമുട്ടായെന്നാണ് അവര്‍തന്നെ പറയുന്നത്. അതിനാല്‍ തന്നെ സാമ്പിളുകളുടെ പരിശോധനാഫലം വന്നാലേ വിഷബാധയേറ്റത് ഏതില്‍ നിന്നാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇതറിയാനായി സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും തഹല്‍സീദാറും സ്ഥിതിഗതികള്‍ വിലയിരുത്തി. 

ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ ഈ കുട്ടികളെ കൊണ്ടു പോയിരുന്നു. എന്നാല്‍ പിന്നീടാണ് ചിലരെ എസ്.എ.ടി.യില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഈ വാര്‍ത്തയറിഞ്ഞാണ് പലരും ഒറ്റയ്ക്കും കൂട്ടായും ചികിത്സ തേടിയെത്തിയത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ലാ കളക്ടര്‍ കെ. വാസുകി, സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.

Tags:    
News Summary - Food Poison In TVM School - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.