കോഴിക്കോട്: അത്തപ്പൂക്കളം ഗംഭീരമാക്കാൻ അന്യനാട്ടിൽ വിരിഞ്ഞ പൂവുകൾ പതിവുപോലെ വിരുന്നെത്തി. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ലോഡുകണക്കിന് പൂവാണ് കോഴിക്കോട് പാളയം ചന്തയിലും മറ്റും കഴിഞ്ഞ ദിവസം രാത്രി മുതൽ ഇറക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ വില കുറവാണെന്നതാണ് സന്തോഷവാർത്ത. എന്നാൽ, വിലയുെട കാര്യത്തിൽ അത്തം ‘വെളുത്താൽ’ ഒാണം ‘കറുക്കാനാണ്’ സാധ്യത. രണ്ട് ദിവസം കഴിഞ്ഞാൽ വില കുതിച്ചുകയറുമെന്നാണ് കച്ചവടക്കാരുടെ സൂചന. സകല ഉത്പന്നങ്ങളുടെയും വില കയറ്റുന്ന ജി.എസ്.ടി പൂക്കളെ ബാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു ആശ്വാസം.
പൂക്കളിൽ കുടുതൽ നിറം ചാർത്തുന്ന മഞ്ഞയും ഒാറഞ്ചും ചെണ്ടുമല്ലി കിലോക്ക് 80 രൂപയാണ് വില. കഴിഞ്ഞ വർഷം 120നും മുകളിലായിരുന്നു വില. വാടാമല്ലിക്ക് 150ഉം ജമന്തിക്ക് 200ഉം. കഴിഞ്ഞ വർഷം 400 രൂപക്കാണ് വയലറ്റ് ജമന്തി വിറ്റതെന്ന് കച്ചവടക്കാർ പറയുന്നു. റോസാപ്പൂ മൊട്ട് കിലോക്ക് 200 രൂപ നിരക്കിലും ലഭിക്കും. പൂക്കളങ്ങളിൽ ചുവപ്പും പിങ്കും നിറത്തോെട നിറഞ്ഞുനിൽക്കുന്ന അരളിപ്പൂവിനാണ് തീവില. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ കിലോ 300 രൂപയാണ് അരളിയുടെ മൊത്തവില. നഗരത്തിൽ മിക്കയിടത്തും അരളിപ്പൂ കിട്ടാനില്ല.
അത്തം നാളിലെ വിലക്കുറവ് തുടർന്നുണ്ടാവില്ലെന്നും കച്ചവടക്കാർ പറയുന്നു. ഒാഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബുകളിലും പൂക്കള മത്സരം പൊടിപൊടിക്കുന്നതോെട പൂവിലയും കുതിക്കും. ചില മൊത്തക്കച്ചവടക്കാർ പൂക്കൾ കൊണ്ടുവരാതെ കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കുന്നതിന് ഇത്തവണയും സാധ്യത ഏറെയാണ്.
കർണാടകയിലെ മൈസൂർ, ഗുണ്ടൽപ്പേട്ട്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ചെണ്ടുമല്ലിയും ജമന്തിയും പാളയം ചന്തയിൽ എത്തിയത്. വാടാമല്ലി തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നെത്തിച്ചു. 20ഒാളം ലോറികളിലാണ് കഴിഞ്ഞ ദിവസം രാത്രി പൂവെത്തിച്ചത്. നാല് മിനി ലോറികളിൽ വാടാമല്ലിയടക്കമുള്ള തമിഴ്നാടൻ പൂക്കളും ഒാണം വരെ സ്ഥിരമായി ഇറക്കും. പാളയം, കണ്ടംകുളം ജൂബിലി ഹാളിന് സമീപം എന്നിവിടങ്ങളിലെല്ലാം പൂക്കച്ചവടം സജീവമാണ്. തെരുവോരങ്ങളും കച്ചവടക്കാർ കൈയടക്കി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.