കൊച്ചി: 2018ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി. അേപക്ഷയ ും അപ്പീലുകളും പരിഗണിച്ച് അർഹരാണെന്ന് കണ്ടെത്തിയിട്ടും ഇതുവരെ നഷ്ടപരിഹാരം നൽകാത്തവർക്ക് തുക ലഭ്യമാക്ക ിയെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ, തേദ്ദശ സ്ഥാപന അധികൃതരോട് ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദ ുൽറഹീം, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിതരണം പൂർത്തിയാക്കി കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച റിപ്പോർട്ട് കേസ് വീണ്ടും പരിഗണിക്കുന്ന ദിവസത്തിനുമുമ്പ് സമർപ്പിക്കണം. അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ദുരിതാശ്വാസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നുമടക്കം ആരോപിക്കുന്ന ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നഷ്ടപരിഹാരത്തിന് അർഹരായിട്ടും ലഭിക്കാത്തവർക്ക് ഒരുമാസത്തിനകം വിതരണം ചെയ്യാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. പ്രളയബാധിതർക്ക് നിയമസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച കെൽസയുടെ (കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി) നിലപാടും തേടി. പ്രളയബാധിതരുടെ അപ്പീലിലെ അവസ്ഥ വ്യക്തിപരമായി അറിയിക്കാൻ നടപടി സ്വീകരിച്ചതായി അഡീ. അഡ്വക്കറ്റ് ജനറലിനുവേണ്ടി ഹാജരായ ഗവ. പ്ലീഡർ കോടതിയിൽ പറഞ്ഞു. ഇതിനുള്ള ഫോർമാറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇത് എല്ലാ പഞ്ചായത്തുകൾക്കും റവന്യൂ അധികൃതർക്കും നൽകിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരെയെല്ലാം വ്യക്തിപരമായി അറിയിച്ചിട്ടുമുണ്ട്.
അതേസമയം, നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകാനുള്ള ഉത്തരവ് പ്രകാരം സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തതയുള്ള മറുപടി സർക്കാർ അഭിഭാഷകനിൽനിന്ന് ലഭിച്ചില്ലെന്ന് കോടതി പറഞ്ഞു. സർക്കാർ നടപടി ഫലപ്രദമായിട്ടില്ലെന്ന് വ്യക്തമാക്കാൻ കുന്നുകര പഞ്ചായത്തിലെ അപേക്ഷകന് സെക്രട്ടറി നൽകിയ കത്ത് അമികസ്ക്യൂറി ഹാജരാക്കുകയും ചെയ്തു. അർഹരായവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയിട്ടുള്ളത്. നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്ന നടപടികൾ ഏകോപിപ്പിക്കാൻ പാരാ ലീഗൽ വളൻറിയർമാരുടെ സേവനം ലഭ്യമാക്കാൻ തയാറാണെന്ന് കെൽസ മെംബർ സെക്രട്ടറി നിസാർ അലി കോടതിയെ അറിയിച്ചു.
അർഹരായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഏകോപന പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമായി പാരാ ലീഗൽ വളൻറിയർമാർക്ക് അടിയന്തരനിർദേശം നൽകാൻ കെൽസ മെംബർ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.