വിജിലൻസിന്‍റെ മിന്നൽ പരിശോധന: റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാനത്തെ 53 ആർ.ടി.ഒ. -ജെ.ആർ.ടി.ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ കൈക്കൂലിപണം പിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

കോട്ടയം ആർ.ടി.ഒ ഓഫിസിൽ നടന്ന മിന്നൽ പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആർ.ടി.ഒ ഓഫിസിൽ ഗൂഗിൾ പേ വഴി 97000 പലപ്പോഴായി ഏജന്റുമാർ നൽകിയിട്ടുള്ളതായും ചങ്ങനാശ്ശേരി ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ.ടി.ഒ ഓഫിസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൌണ്ടിലേക്ക് വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽ നിന്നും 15,790 രൂപ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

നെടുമങ്ങാട് ഒരു ആട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്നും 1,50,000 രൂപയും കൊണ്ടോട്ടി ആർ.ടി ഓഫിസിൽ കാണപ്പെട്ട ഏജന്റിന്റെ കാറിൽ നിന്നും 1,06,205 രൂപയും ആലപ്പുഴ ആർ.ടി ഓഫീസിനുള്ളിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽ നിന്നായി 72,412 രൂപയും വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി ഒഫീസിലെ രണ്ട് ഏജന്റുമാരിൽ നിന്നായി 38,80 രൂപയും കോട്ടയം ആർ.ടി.ഒ ഓഫിസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽ നിന്നും കൃത്യമായ രേഖകളില്ലാത്ത 36,050 രൂപയും, ചടയമംഗലം ആർ.ടി.ഒ ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 32,400 രൂപയും കണ്ടെത്തി.

കൊട്ടാരക്കര ആർ.ടി.ഒ ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിൽ നിന്നും 34 300 രൂപയും, പാലക്കാട് ആർ.ടി.ഒ ഓഫിസിലെ രണ്ട് ഏജന്റുമാരുടെ കൈവശത്ത് നിന്നും 26,500 രൂപയും, റാന്നി ആർ.ടി.ഒ ഓഫിസിൽ ഏജന്റിൽ നിന്നും 15,500 രൂപയും, പത്തനംതിട്ട ആർ.ടി.ഒ ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിൽ നിന്നും 14,000 രൂപയും പുനർ ആർ.ടി.ഒ ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിൽ നിന്നും 800 രൂപയും കരുനാഗപ്പള്ളി ആർ.ടി.ഒ ഓഫിസിലെ ഏജന്റിൽ നിന്നും 7,990 രൂപയും കാക്കനാട്ടെ ആർ.ടി.ഒ ഓഫിസ് ഏജന്റിൽ നിന്നും 8,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

വടകര ആർ.ടി.ഒ ഓഫിസിലെ ടൈപിസ്റ്റിന്റെ ബാഗിൽ നിന്നും വിവിധാവശ്യങ്ങൾക്കുള്ള നിരവധി അപേക്ഷകളും ആർ.സി. ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട് പ്രവർത്തിക്കുന്ന ഒരു ആട്ടോ കൺസൾട്ടൻസിയിൽ നിന്നും 84 ആർ.സി. ബുക്കുകളും നാല് ലൈസൻസുകളും അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതായും കരുനാഗപ്പള്ളിയിലെ ഒരു ഏജന്റിന്റെ ഓഫിസിൽ നിന്നും നിരവധി പുതിയ ആർ.സി.ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധ രേഖകളും കഴിട്ടം എസ്.ആർ.ടി.ഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ നിന്നും ആർ.സി ബുക്കുകൾ, ലൈസൻസുകൾ വാഹന സംബന്ധമായ മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാകുന്നു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വർക്കല, കഴക്കൂട്ടം, ആറ്റിങ്ങൽ,പാവശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട കെ.എസ്.ആർ.ടി.സി ഓഫീസുകളിലും, കൊല്ലം ജില്ലയിലെ കൊല്ലം, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, കരുനാഗപ്പള്ളി, കുന്നത്തൂർ ആർ.ടി.ഒ ഓഫിസുകളിലും, പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, റാന്നി, അടൂർ, ആർ.ടി.ഓഫീസുകളിലും, ആലപ്പുഴ ജില്ലയിലെ കായംകുളം, ആലപ്പുഴ ആർ.ടി.ഒ ഓഫിസുകളിലും, കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ ആർ.ടി.ഒ ഓഫിസുകളിലും ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഇടുമ്പൽചോല ആർ.ടി ഓഫീസുകളിലും എറണാകുളം ജില്ലയിലെ എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, കാക്കനാട് ആർ.ടി.ഒ ഓഫിസുകളിലും തൃശൂർ ജില്ലയിലെ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ഓഫീസുകളിലും പാലക്കാട് ജില്ലയിലെ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ ആർ.ടി.ഒ ഓഫിസിളിലും കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, ഫറോഖ്, വടകര , കൊടുവള്ളി ആർ.ടി.ഒ ഓഫിസുകളിലും മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, നിലമ്പൂർ, കൊണ്ടോട്ടി ആർ.ടി.ഒ ഫീസുകളിലും വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, ആർ.ടി.ഒ ഓഫിസുകളിലും കണ്ണൂർ ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, ഇട്ടി ആർ.ടി.ഒ ഓഫിസുകളിലും കാസർകോട് ജില്ലയിലെ കാസർകോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, ആർ.ടി.ഒ ഓഫിസുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

പരിശോധനയിൽ വിവിധ ആർ.ടി.ഒ ഓഫിസുകളിൽ നിന്നും ഏജന്റുമാരെ തിരിച്ചറിയുന്നതിലേക്കായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തിയ നിരവധി അപേക്ഷകൾ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതും പല ആർ.ടി.ഒ ഓഫിസുകളിലും നിരവധി അപേക്ഷകളും ഫയലുകളും നടപടി സ്വീകരിക്കാതെ വച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

കോഴിക്കോട് ആർ.ടി.ഒ ഓഫിസിൽ നിന്നും വാഹന രജിസ്ട്രഷന് വേണ്ടിയുള്ള 2523 അപേക്ഷകളിൽ 1469 എണ്ണം നടപടികൾ സ്വീകരിക്കാതെയും നടപടി സ്വീകരിച്ച ശേഷം പ്രിൻറ് ചെയ്യാത്ത രീതിയിൽ സ്വീകരിച്ചിരുന്ന വിജിലൻസ് കണ്ടെത്തി. 1056 ഓഫീസുകളിൽ ഏജന്റുമാർ പ്രത്യേക അടയാളം ചെയ്തു നൽകുന്ന അപേക്ഷകൾ വളരെ വേഗം തന്നെ പ്രോസസ്സ് ചെയ്തു നൽകുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എല്ലാം തന്നെ വരും ദിവസങ്ങളിൽ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു. മിന്നൽ പരിശോധനയിൽ കണ്ടെത്തു അപാകതകളെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Flash check of vigilance: Widespread irregularities found in regional transport offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.