തിരുവനന്തപുരം: കൊടികൾക്ക് മഹത്വമുണ്ടെന്നും ഏതെങ്കിലും സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ല അവയെന്നും മന്ത്രി പി. രാജീവ്. കൊടികുത്തി സമരം തുടങ്ങിയാൽ അത് ലോകമാകെ അറിയും. എന്നാൽ, സമരമെല്ലാം അവസാനിച്ച് സംരംഭം പുനരാരംഭിച്ചാൽ അതാരും അറിയില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ബിൽ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രേഡ് യൂനിയനുകൾ റിക്രൂട്ടിങ് ഏജൻസികളല്ല.
തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സംവിധാനമാണ്. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണ് പൊതുവിലുള്ളത്. തലശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. കുറവുകളുണ്ടെങ്കിൽ തിരുത്തണം. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 51716 സംരംഭങ്ങളാണ് സംസ്ഥാനത്ത് പുതുതായി തുടങ്ങിയത്. 3065 കോടിയുടെ നിക്ഷേപവും 1.13 ലക്ഷം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. കൊച്ചി ഷിപ്പ്യാർഡിൽ നിർമിച്ച വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ നിർമാണത്തിൽ സംസ്ഥാനത്തെ 100 എം.എസ്.എം.ഇകളാണ് സഹകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ചർച്ചക്കുശേഷം വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രവേശ വികസനവും (ഭേദഗതി ബിൽ), കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബിൽ എന്നിവ നിയമസഭ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.