റോ​ഡരികിൽ നി​ൽ​ക്കു​ന്ന കൊ​ടി​മ​ര​ങ്ങ​ൾ

അനധികൃത കൊടിതോരണങ്ങൾ: വീഴ്ചക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിക്കടക്കം ഉത്തരവാദിത്തം ചുമത്തുമെന്ന് ഹൈകോടതി

കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങളും ബാനറും നീക്കം ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കും സമിതി അംഗങ്ങൾക്കും വ്യക്തിപരമായി ഉത്തരവാദിത്തം ചുമത്തുമെന്ന് ഹൈകോടതി. പ്രിന്റ് ചെയ്തവരുടെയും സ്ഥാപിച്ചവരുടെയും വിവരങ്ങൾ ബാനറിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കണം. ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക-ജില്ലതല സമിതികൾക്ക് രൂപം നൽകണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി രണ്ടിന് തദ്ദേശ ഭരണ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹരജികളിലാണ് നിർദേശം.

കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാൻ പ്രദേശികതലത്തിൽ സമിതികളുണ്ടാക്കാനും ഇവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലതല സമിതികളുണ്ടാക്കാനും കോടതി ഉത്തവിട്ടിരുന്നു. ഇതനുസരിച്ച് ഡിസംബർ 12ന് സർക്കാർ ഉത്തരവിറക്കി. തുടർന്ന് ഇതിൽ അമിക്കസ് ക്യൂറിയോട് നിർദേശങ്ങൾ നൽകാൻ സിംഗിൾബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

പ്രാദേശിക, ജില്ലതല സമിതികളുണ്ടാക്കിയത് ജനങ്ങളെ അറിയിക്കാൻ തദ്ദേശ ഭരണ സെക്രട്ടറി നടപടിയെടുക്കണമെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശിച്ചു. ഉത്തരവിന്റെ വിശദാംശങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അറിയിച്ചിട്ടില്ലെങ്കിൽ ഒരാഴ്ചക്കകം അറിയിക്കണം. പ്രിന്റിങ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുമ്പോൾ വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് നോക്കണം. അനധികൃതമായി സ്ഥാപിച്ച ബാനറുകളും കൊടിതോരണങ്ങളും അവ സ്ഥാപിച്ചവർക്ക് തിരിച്ചു നൽകണം. ഇവ പൊതുമാലിന്യ സംസ്കരണ സംവിധാനങ്ങളിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Flagpoles: The High Court will hold local body secretary responsible for the fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.