കൊച്ചി: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി ഡിസംബർ 12നകം പ്രാഥമിക ജില്ല സമിതികൾ രൂപവത്കരിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ കോടതിയുടെ മുൻ നിർദേശ പ്രകാരം ഉത്തരവുകളിറക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിന് അന്ത്യശാസനം നൽകി.
കൊടികളും ബാനറുകളും നീക്കം ചെയ്‌തത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ട് ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത ബോർഡുകൾക്കും ബാനറുകൾക്കുമെതിരായ ഒരു കൂട്ടം ഹരജികളിലാണ് ഉത്തരവ്.
അനധികൃത ബാനറുകൾ നീക്കം ചെയ്യാൻ ഉത്തരവുകൾ നിരവധിയുണ്ടെങ്കിലും അവയുടെ എണ്ണത്തിൽ കുറവില്ലെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിശദീകരിച്ചു. സെക്രേട്ടറിയറ്റ്, പൊലീസ് ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്ക് സമീപത്ത് പോലും ഇവ നിറഞ്ഞിരിക്കുകയാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു.
ഹൈകോടതി നിർദേശിച്ച പ്രകാരമുള്ള സമിതികൾക്ക് രൂപം നൽകുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ആറാഴ്‌ചക്കകം നൽകുമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കൊടികളും ബാനറുകളും നീക്കിയത് സംബന്ധിച്ച റിപ്പോർട്ട് നൽകിയില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
കൂടുതൽ സമയം നൽകിയതിന്‍റെ പേരിൽ അനധികൃത ബോർഡും ബാനറുകളും നീക്കം ചെയ്യാതിരിക്കരുതെന്ന് വ്യക്തമാക്കിയ കോടതി, ഹരജികൾ വീണ്ടും ഡിസംബർ 12ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.