അടൂർ: പത്തനംതിട്ട ജില്ലയിൽനിന്ന് മൂന്നാഴ്ചക്കിടെ മറ്റൊരു ഞെട്ടിക്കുന്ന ലൈംഗികപീഡന സംഭവംകൂടി പുറത്തുവരുന്നു. 17കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായാണ് കണ്ടെത്തൽ. സംഭവത്തിൽ അടൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. കഴിഞ്ഞ ഏപ്രിലിൽ പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത സാജൻ (24), കാറിൽ കയറ്റിക്കൊണ്ടുപോയി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ വെള്ളിയാഴ്ച രാത്രി വീടുകളിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റംബറിൽ അടൂർ ഹൈസ്കൂൾ ജങ്ഷനിൽനിന്ന് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒരുവീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ സച്ചിൻ കുറുപ്പ് (25), കൂടാതെ കൃഷ്ണാനന്ദ് (21), അഭിനവ് (20) എന്നിവരുമാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇനി നാലുപേരെക്കൂടി പിടികിട്ടാനുണ്ട്. ഒരാൾ വിദേശത്താണ്. മറ്റൊരാൾ സ്കൂൾ വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൊഴിപ്രകാരം ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടുകേസാണ് അടൂർ പൊലീസ് എടുത്തത്. ഒരുകേസ് ആലപ്പുഴ ജില്ലയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴിയിൽ പറയുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ച ആദ്യ കേസ് ആലപ്പുഴ ജില്ലയിലെ നൂറനാട് പൊലീസിന് കൈമാറി. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്.
പെൺകുട്ടി തുടർച്ചയായി സ്കൂളിൽ എത്താതിരുന്നതിനെത്തുടർന്നുള്ള അധ്യാപകരുടെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്തറിഞ്ഞത്. കുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി വിവരം ലഭിച്ചു. ഇതിലെ വിഷമമാണ് കുട്ടി സ്കൂളിൽ വരാത്തതിന് കാരണം. സ്കൂളിലെ കൗൺസിലർ മുഖാന്തരം കാര്യങ്ങൾ മനസ്സിലാക്കിയ അധ്യാപകർ, പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറി. പിന്നീട് അടൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. പ്രതികളെ വിശദമായി ചോദ്യംചെയ്ത് തുടർനടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ ദലിത് വിദ്യാർഥിനി അഞ്ചുവർഷത്തോളം നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ രണ്ടാഴ്ചക്കിടെ പത്തനംതിട്ട ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിൽ 57 പ്രതികൾ അറസ്റ്റിലായിരുന്നു. ആകെയുള്ള 60 പ്രതികളിൽ ഇനി മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇതിനിടെയാണ് അടൂരിലും വിദ്യാർഥിനി പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.