പന്തളത്ത് അഞ്ചു കടകളിൽ മോഷണം; പുതുതായി തുറന്ന ബേക്കറിയിൽനിന്നു അര ലക്ഷം കവർന്നു

പന്തളം: പന്തളം നഗര ഹൃദയത്തിലെ അഞ്ചു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പുതുതായി തുറന്ന ബേക്കറിയിൽനിന്നു അരലക്ഷം രൂപ നഷ്ടപ്പെട്ടു. പന്തളം എൻ.എസ്.എസ് കോളജിന് എതിർവശത്തെ കടകളിലാണ് ഒറ്റരാത്രിയിൽ മോഷണം നടന്നത്.

അടുത്തിടെ ഉദ്ഘാടനം ചെയ്ത ബൂഫിയ ബേക്കറിയിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് സി.സി.ടി.വി പൂർണമായും നശിപ്പിച്ചു. മോഷണത്തിനുശേഷം പുറത്തിറങ്ങിയ മോഷ്ടാവ് കട പൂട്ടിട്ട് പൂട്ടി. പന്തളം എൻ.എസ്.എസ് കോളജിന് എതിർവശം പ്രവർത്തിച്ചിരുന്ന എം.ജി ഡെന്‍റൽ ക്ലിനിക്കിൽ, ഇതേ കെട്ടിടത്തിന്റെ താഴ്ഭാഗത്ത് പ്രവർത്തിച്ചിരുന്ന ബ്രഡ് ലയിൽ കഫോ, വിദ്യഭവൻ ബുക്ക് സ്റ്റാൾ, യു.ഡി മെൻസ് ഫാഷൻ സ്റ്റോർ, മണിമുറ്റത്ത് ഫൈനാൻസ് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.

ഇവിടങ്ങളിലെ സി.സി.ടി.വി കാമറകൾ പൂർണമായും നശിപ്പിച്ചു. യു.ഡി മെൻസ് ഫാഷൻ സ്റ്റോറിന്‍റെ ഗ്ലാസ് പൊളിച്ചാണ് അകത്തുകയറിയത്. സമീപത്തെ മണിമുറ്റത്ത് ഫൈനാൻസിലെ കാമറ നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30നുശേഷമാണ് മോഷ്ടാവ് എത്തിയതെന്ന് സി.സി.ടി.വിയിൽ വ്യക്തമാണ്. കാവി കൈലിയുടുത്ത് കഷണ്ടിയായ ഒരാൾ കടക്കുള്ളിൽ കയറി സി.സി.ടി.വി കാമറ നശിപ്പിക്കുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഗ്ലാസ്സുകൾ തകർത്തും പൂട്ടുകൾ പൊളിച്ചുമാറ്റിയുമാണ് ചില കടകളുടെ അകത്ത് മോഷ്ടാവ് കയറിയത്. ഒന്നിലേറെ ആളുകളെ കാമറയിൽ വ്യക്തമാണ്. നഗര ഹൃദയത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.

പത്തനംതിട്ടയിൽനിന്ന് എത്തിയ വിരൽ അടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ജാക്കി എന്നാ പൊലീസ് നായ മണം പിടിച്ച് സമീപത്തെ ധനലക്ഷ്മി ബാങ്കിന്‍റെ സമീപം വരെ എത്തി. കഴിഞ്ഞ എട്ടിന് കുരമ്പാലയിലെ നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. ഒരു വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാസത്തിൽ രണ്ടാമത്തെ മോഷണമാണ് പന്തളത്ത് നടക്കുന്നത്. കഴിഞ്ഞ രാത്രിയിലെ മഴയും വൈദ്യുതി മുടക്കവും മോഷ്ടാക്കൾക്ക് സഹായകരമായി.

പന്തളം എസ്.എച്ച്.ഒ പി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Five shops robbed in Pandalam; Half a lakh stolen from bakery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.