കൊച്ചി: ആഴക്കടൽ മേഖലയെ വീണ്ടും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മൽസ്യ തൊളിലാളികൾ. ഇന്ത്യയുടെ പരമാധികാര മേഖലയായ കടൽ ഭാഗത്തിനു (ഇ.ഇ.സെഡ്) വെളിയിലായി പ്രവർത്തിക്കുന്ന യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുകയാണ്.വിനാശകരമായ ഈ പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നും മഝ്യത്തൊഴിലാളി സൗഹൃദപരമായി ചട്ടം മാറ്റിയെഴുതണമെന്നും ദ്വീപ് സീ ഫിഷറീസ് അസോസിയേഷൻ കേന്ദ്ര മന്ത്രാലയത്തിന് കത്തെഴുതിയെന്ന് പ്രസിഡന്റ് ചാൾസ് ജോർജും സെക്രട്ടറി എം.മജീദും പ്രസ്താവനയിൽ അറിയിച്ചു.
വളഞ്ഞ വഴിയിലൂടെ ഈ രംഗത്തേക്ക് കുത്തകകളെ കടത്തിക്കൊണ്ടുവരാനാണ് നീക്കം.200 നോട്ടിക്കൽ മൈലിനു വെളിയിലുള്ള ആഴക്കടൽ (ഡീപ്പ് സീ) മേഖലയിൽ പ്രവർത്തിക്കുന്ന ആയിരത്തോളം വരുന്ന ഇന്ത്യൻ നിർമ്മിത യാനങ്ങൾക്കാണ് ഈ പെരുമാറ്റച്ചട്ടം ബാധകമാവുക. ഈ നിർദ്ദേശം കൂടുതൽ ബാധിക്കുക കൊച്ചി ഫിഷിംഗ് ഹാർബറിനെയാണ്. 650 ചെറുകിട ആഴക്കടൽ ബോട്ടുകൾ ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രവർത്തന മേഖലയെയാണ് കുത്തകകൾക്ക് തീറെഴുതുന്നത്.
25 മീറ്ററിനു മുകളിലുള്ള യാനങ്ങൾക്ക് പെരുമാറ്റച്ചട്ട പ്രകാരം അഞ്ച് ലക്ഷം രൂപ പെർമിറ്റിന് അടക്കണം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരത്തോളം യാനങ്ങൾ കന്യാകുമാരി ജില്ലയിലെ തുത്തൂർ നിവാസികളുടേതായിട്ടുണ്ട്. അവയെല്ലാം 20–22 മീറ്റർ നീളമുള്ളവയും സുസ്ഥിരമായി മഝ്യബന്ധനത്തിലേർപ്പെടുന്നവയുമാണ്.ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡ പ്രകാരം അവയെല്ലാം ചെറുകിട മേഖലയിൽപ്പെടുന്നവയുമാണ്.
25 മീറ്ററിൽ താഴെയുള്ള യാനങ്ങളാണ് ഇങ്ങനെ ചെറുകിട മേഖലയിൽ എഫ്.ഒ.എ.–പെടുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ യാനങ്ങൾ സുസ്ഥിര മഝ്യബന്ധനത്തിലേർപ്പെടുന്ന മേഖലയിലേക്കാണ് കുത്തക കമ്പനികളെ കുടിയിരുത്താനുള്ള നീക്കം നടക്കുന്നതെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.