വല്ലാർപാടം പനമ്പു കാട് ഒന്നാം വാർഡിൽ വോട്ട് രേഖപ്പെടുത്താൻ കാത്തു നിൽക്കുന്നവർ(ഫോട്ടോ: രതീഷ് ടി.ബി)
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 25 ശതമാനത്തിലേറെ പോളിങ്. 26.04 ശതമാനമാണ് കേരളത്തിലെ ആദ്യഘട്ടത്തിലെ ആകെ പോളിങ്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 23.91 ശതമാനം പോളിങ്ങാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്.
കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ വോട്ട് ചെയ്ത് മന്ത്രിപി രാജീവും കുടുംബവും(ഫോട്ടോ: ബൈജു കൊടുവള്ളി)
ഏറ്റവും ഉയർന്ന പോളിങ് ആലപ്പുഴയിൽ രേഖപ്പെടുത്തി. 27.74 ശതമാനമാണ് ആലപ്പുഴയിൽ രേഖപ്പെടുത്തിയ പോളിങ്, കൊല്ലം-26.7, പത്തനംതിട്ട-25.73, കോട്ടയം-26.01, ഇടുക്കി-24.54, എറണാകുളം 27.59 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രേഖപ്പെടുത്തിയ പോളിങ്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി എം.മുകേഷ് എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തി.
എറണാകുളം എസ്. ആർ. വി സ്കൂളിലെ ഹരിത ബൂത്തിൽ ജില്ലാകളക്ടർ ജി. പ്രിയങ്കയുംഭർത്താവ് നിതിഷ് സിംഹയും വോട്ട് ചെയ്തു(ഫോട്ടോ: ബൈജു കൊടുവള്ളി)
ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1,32,83,789 വോട്ടർമാരാണ് 36,620 സ്ഥാനാർഥികളുടെ വിധിയെഴുതുന്നത്. ഇതിൽ 17,046 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരാൾ ട്രാൻസ്ജെൻഡറുമാണ്. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വോട്ടിങ് യന്ത്രങ്ങളടക്കം പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി.
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിങ്. പ്രശ്നബാധിത ബൂത്തുകളിലക്കം ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 15,422 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.