കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം പുറപ്പെടാൻ ഒരുങ്ങുമ്പോൾ യാത്രയാക്കാൻ വന്ന കുട്ടിയെ ചുംബിക്കുന്ന തീർഥാടക   (ഫോട്ടോ: രതീഷ്​ഭാസ്കർ)

ഹജ്ജ്: കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർഥാടകരുമായി കൊച്ചിയിൽനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം പുറ​പ്പെട്ടു. സൗദി എയർലൈൻസിന്‍റെ എസ്.സി. 3783 നമ്പർ വിമാനത്തിൽ 150 പുരുഷന്മാരും 128 സ്ത്രീകളുമാണ് യാത്രതിരിച്ചത്. ഇന്ന് ഉച്ച 12.10നാണ് ആദ്യവിമാനം പറന്നുയർന്നത്.

279 പേരാണ് പോവേണ്ടിയിരുന്നതെങ്കിലും ഒരാളുടെ യാത്ര റദ്ദായതായി ഹജ്ജ് സെൽ ഓഫിസർ പറഞ്ഞു. ഇതേ വിമാനത്തിൽ തീർഥാടകർക്ക് ഗൈഡായി കേരള പൊലീസിൽ നിന്നുള്ള മുവാറ്റുപുഴ സ്വദേശി പി.എ. മനാഫും യാത്ര തിരിച്ചിട്ടുണ്ട്. ജൂൺ ഒമ്പതുവരെ 16 വിമാനങ്ങളിലായി 4273 പേരാണ് ഇവിടെനിന്ന്​ ഹജ്ജിന് പുറപ്പെടുക.


ആദ്യവിമാനത്തിൽ യാത്ര തിരിക്കേണ്ട ഹാജിമാർ സഞ്ചരിച്ച ബസ്സ് രാവിലെ എട്ടിന് ക്യാമ്പ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പിയും എം.എൽ.എമാരായ മുഹമ്മദ് മുഹ്സിനും അൻവർ സാദത്തും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

സിയാൽ അക്കാദമിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് നിയമ-വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മനസ്സും ശരീരവും ശുദ്ധമാക്കി മനുഷ്യനെ നവീകരിക്കാൻ സഹായകമാകുന്നതാണ് തീർഥാടനമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ്​ തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്​. പുറപ്പെടാൻ സംസ്ഥാനത്ത് മൂന്ന് എംബാർക്കേഷൻ പോയൻറുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, വിമാന ചാർജിന്‍റെ കാര്യത്തിൽ കൊച്ചിയും കണ്ണൂരും കരിപ്പൂരും തമ്മിൽ വലിയ വ്യത്യാസം വന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിധിയിലല്ലെങ്കിലും ഗൗരവപൂർവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ്​ ക്യാമ്പ്​ ചെയർമാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, റോജി എം. ജോൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് ഷിയാസ്, കെ.എം. ദിനകരൻ, വി.ഇ. അബ്ദുൽ ഗഫൂർ, ടി.എം. സക്കീർ ഹുസൈൻ, എ.എം. യൂസഫ്, സഫർ കയാൽ, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, ഷാജി ശങ്കർ, യു. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

Tags:    
News Summary - First Haj flight from Kochi flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.