സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ വിജയം. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് സുജാതക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ദാനം നല്‍കിയത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുള്‍പ്പെടെ ഏഴ് പേരുടെ ജീവിതത്തിലാണ് പ്രതീക്ഷയായത്.

മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കല്‍ കോളജിലെ ടീം അംഗങ്ങളും ചേര്‍ന്ന് യാത്രയാക്കി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതോടെ നാല് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. രതീഷ് കുമാര്‍, സര്‍ജറി വിഭാഗം ഡോ. സന്തോഷ് കുമാര്‍, മറ്റ് ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ടീം, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി.

News Summary - First brain death liver transplant success in government sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.