തിരുവനന്തപുരം: ഫയർ ആൻഡ് െറസ്ക്യൂ സർവിസിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടന്ന സാമ്പത്തികക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തികതട്ടിപ്പുകൾ കണ്ടെത്തി സംസ്ഥാന ധനകാര്യ പരിശോധനവിഭാഗം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ അന്വേഷണത്തിന് വിജിലൻസിനോട് ശിപാർശ ചെയ്തത്. ക്രമക്കേട് കണ്ടെത്തിയ 2013-14 സാമ്പത്തിക വർഷത്തെ ഫയലുകൾ ഫയർഫോഴ്സ് മേധാവി വ്യാഴാഴ്ച വിജിലൻസിന് കൈമാറി.
സർക്കാർ അംഗീകൃത വർക്ഷോപ്പുകൾ മുഖേനയാണ് ഫയർഫോഴ്സിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. നടപടിക്രമങ്ങൾ ഏകോപിപ്പിക്കൽ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിെൻറ ഉത്തരവാദിത്തമാണ്. 2013 ജനുവരി എട്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം 25,000 രൂപ വരെയുള്ള അറ്റകുറ്റപ്പണികൾക്കും അത്രയും തുകക്കുള്ള സ്പെയർപാർട്സ് വാങ്ങലിനും അനുമതി നൽകാൻ മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർക്ക് അധികാരമുണ്ട്. അതിൽകൂടിയ തുകക്കുള്ള ജോലിയാണ് ചെയ്യേണ്ടതെങ്കിൽ ജലവിഭവ വകുപ്പിനുകീഴിലെ മെക്കാനിക്കൽ വിഭാഗത്തിന് കൈമാറണം.
മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് എൻജിനീയറോ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറോ എക്സിക്യൂട്ടിവ് എൻജിനീയറോ പരിശോധിച്ച് അന്തിമതുക നിശ്ചയിച്ച ശേഷമേ അറ്റകുറ്റപ്പണികൾ ആരംഭിക്കാവൂവെന്നാണ് ചട്ടം. ഓരോ പ്രവൃത്തിക്കും സർക്കാർ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസ്ഥകൾ ഇതായിരിക്കെ, ഉത്തരവ് കാറ്റിൽപറത്തി ഫയർഫോഴ്സ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിൽ കോടികളുടെ തിരിമറി നടന്നെന്നാണ് ധനകാര്യവിഭാഗത്തിെൻറ കണ്ടെത്തൽ. തെക്കൻമേഖലയിലെ പല വർക്ഷോപ്പുകളിൽനിന്നും മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിന് ലഭിച്ച എസ്റ്റിമേറ്റുകൾ 25,000 രൂപക്ക് മുകളിലുള്ളവയായിരുന്നു. അവയൊന്നും ഉന്നതങ്ങളിലേക്ക് കൈമാറാതെ ഫയർഫോഴ്സിലെ ചില ഉദ്യോഗസ്ഥർ പാസാക്കിനൽകിയതായി ധനകാര്യവിഭാഗത്തിെൻറ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആധുനീകരണത്തിെൻറ പേരിൽ വാങ്ങിയ വാഹനങ്ങളുടെ ടെൻഡറുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
മുൻ ഡി.ജി.പി പി. ചന്ദ്രശേഖരൻ ഫയർഫോഴ്സ് മേധാവി ആയിരുന്നപ്പോൾ വാഹന പർച്ചേസിൽ അഴിമതി നടത്താൻ ഒരു ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നു. വാഹന ഉടമകളിൽനിന്ന് കമീഷൻ ചോദിച്ചുകൊണ്ടുള്ള ഇയാളുടെ ഫോൺസംഭാഷണം കമ്പനി പ്രതിനിധികൾ തന്നെ റെക്കോഡ് ചെയ്ത് ഫയർഫോഴ്സ് മേധാവിക്ക് കൈമാറി. ഇയാളെ സ്ഥലംമാറ്റിയെങ്കിലും ഇടതുസർക്കാർ അധികാരത്തിലെത്തിയതോടെ വീണ്ടും പഴയ ഓഫിസിലേക്ക് മടങ്ങി. ഇയാൾ നടത്തിയ അനധികൃത സ്വത്ത്സമ്പാദനമടക്കം പരാതികൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.