കോട്ടയം: നഗരത്തിൽ കലക്ടറേറ്റിനു സമീപത്തെ നാലുനിലകെട്ടിടത്തിൽ വൻതീപിടിത്തം. അഗ്നിബാധയിൽ രണ്ടാംനിലയിലെ ഹൈപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു. മൂന്നരക്കോടിയുടെ നാശനഷ്ടം. രണ്ടുനിലകളിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ താമസിച്ച സ്ത്രീകളടക്കമുള്ള 40പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച 2.15ന് കണ്ടത്തിൽ െറസിഡൻസിയിലെ പേ ലെസ് ഹൈപർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. വിവിധസ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷ സേനയുടെ 10 യൂനിറ്റ് 10 മണിക്കൂറിലേറെ സമയമെടുത്താണ് തീനിയന്ത്രണ വിധേയമാക്കിയത്.
തിങ്കളാഴ്ച പുലർച്ച മൂന്നിനാരംഭിച്ച രക്ഷാപ്രവർത്തനം ഉച്ചക്ക് 12നാണ് അവസാനിച്ചത്. ഹൈപ്പർ മാർക്കറ്റ്, തുണിക്കട, ലോഡ്ജ്, തുടങ്ങി വിവിധസ്ഥാപനങ്ങളുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽനിന്ന് തീപടർന്നതെന്നാണ് പ്രാഥമികനിഗമനം. എതിർവശത്ത് പെട്രോൾ പമ്പ് ഉള്ളതും അപകട സാധ്യത വർധിപ്പിച്ചിരുന്നു. പാലാ പൈക കാരാങ്കൽ ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹൈപ്പർ മാർക്കറ്റ്. തീപിടിത്തത്തെത്തുടർന്ന് കനത്തപുകയും ചൂടും മുകളിലത്തെ ലോഡ്ജ് മുറികളിൽ എത്തിയതോടെ ജീവനക്കാരാണ് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചത്.
കെട്ടിടത്തിന് വെൻറിലേറ്റർ ഇല്ലാത്തതിനാൽ കടക്കുള്ളിൽ തീയാളിക്കത്തിയിട്ടും ആദ്യം പുറത്താരും അറിഞ്ഞിരുന്നില്ല. മുൻവശത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് അഗ്നിരക്ഷ സേന അകത്തുകടന്നത്. ഇൗസമയം സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. രണ്ട് ഗ്യാസ് സിലിണ്ടറും അടുപ്പിനും തീപിടിച്ചെങ്കിലും വെള്ളം ഒഴിച്ചതോടെ പൊട്ടിത്തെറിച്ചില്ല. നാലുനിലകെട്ടിടത്തിെൻറ താഴത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. സൂപ്പർമാർക്കറ്റിന് മുകളിൽ പ്രവർത്തിക്കുന്ന ഗൗതം ടെക്സ് തുണിക്കടയിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും കനത്തചൂടും പുകയുമേറ്റ് തുണിത്തരങ്ങൾ ഉൾപ്പെടെയുള്ളവ നശിച്ചു.
മുകളിലത്തെ നിലയിലെ ലോഡ്ജിലെ 13 മുറികളിലായിട്ടാണ് സ്ത്രീകളടമുള്ള 40പേർ താമസിച്ചിരുന്നത്. ഇവരെ കണ്ടത്തിൽ െറസിഡൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ലോഡ്ജുകളിലേക്ക് മാറ്റി. മണിക്കൂറുകളോളം വെള്ളം ചീറ്റിയതിനാൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ശ്രീശരവണാസ്, സ്റ്റാർ മൊബൈൽ പാലസ്, ബ്രൈറ്റ് സർവിസ് സെൻറർ, ആഷാസ് അക്കാദമി, അഡ്വക്കറ്റ് ഒാഫിസ്, തയ്യൽകട, ബ്യൂട്ടിപാർലർ തുടങ്ങിയവയുടെ സാധനസാമഗ്രികളും നശിച്ചു. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, ഇൗസ്റ്റ് സി.െഎ സാജുവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഉണ്ടായിരുന്നു. പള്ളിക്കത്തോട് കൈയൂരി കണ്ടത്തിൽ കെ.എ. ജോസഫിെൻറ (കൈയൂരി അപ്പച്ചൻ) ഉടമസ്ഥതയിലുള്ള കെട്ടിടം 2012ലാണ് പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.