കൊച്ചി: വിദേശത്തുനിന്ന് ഇ-മെയിൽ വഴി പരാതി ലഭിച്ചാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈകോടതി. കേസെടുക്കേണ്ട വിഷയമാണ് പരാതിയിലുള്ളതെങ്കിൽ പൊലീസിന് അത് തള്ളാനാവില്ലെന്ന് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 173ൽ പറയുന്ന സിറോ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ആസ്ട്രേലിയയിൽ കഴിയുന്ന സ്ത്രീ ഭർത്താവിനെതിരെ ഇ-മെയിൽ വഴി ഇടുക്കി മുട്ടം പൊലീസിന് പരാതി അയച്ചെങ്കിലും, അവർ വിദേശത്താണെന്നും പരാതിയിൽ ഒപ്പില്ലെന്നും വ്യക്തമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പരാതിയിൽ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. 2020-ലാണ് ഇ-മെയിൽ വഴി പരാതി അയച്ചത്.
അധികാരപരിധി പരിഗണിക്കാതെ ഇരകൾക്ക് പരാതികൾ സമർപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് സീറോ എഫ്.ഐ.ആർ അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
പരാതിയിൽ ഒരു കുറ്റകൃത്യം വെളിപ്പെടുത്തിയാൽ പരാതിക്കാരന്റെ സ്ഥലമോ പരാതി നൽകിയ ഫോമോ പരിഗണിക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പുകൾ ഇല്ലാത്തത് പോലുള്ള സാങ്കേതിക കാരണങ്ങളാൽ നിരസിക്കുന്നത് പുതിയ ബി.എൻ.എസ്എ.സ് നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.