മുഹമ്മദ് ഷർഷാദ് 

എം.വി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി ഷർഷാദ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പി.ബിക്ക് കത്തയച്ച വിവാദ വ്യവസായി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഹമ്മദ് ഷർഷാദിനെയാണ് 40 ലക്ഷം രൂപയു​ടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്തത്. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനംചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്നായി 40 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സി.ഇ.ഒയായ തമിഴ്നാട് സ്വദേശി ശരവണൻ കേസില്‍ പ്രതിയാണ്. ഷര്‍ഷാദിനെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. പെൻഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 2023ലാണ് പണം തട്ടിയത്. വാർഷിക റിട്ടേണും ലാഭവും ഷെയറും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

യു.കെ വ്യവസായി രാജേഷ് കൃഷ്ണയും സി.പി.എമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടന്നുവെന്നാരോപിച്ചായിരുന്നു ഷർഷാദ് പാർട്ടി കോൺഗ്രസ് വേളയിൽ പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നും എം.വി ഗോവിന്ദന്റെ മകനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. ലണ്ടനിലെ സി.പി.എം പ്രതിനിധി രാജേഷ് കൃഷ്ണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മുഹമ്മദ് ഷർഷാദ് സി.പി.എം പോളിറ്റ് ബ്യൂറോക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതിയിലെത്തിയതാണ് വിവാദമായത്.

പരാതി ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് ആരോപിച്ച് ഗോവിന്ദനെ ഷർഷാദ് സംശയനിഴലിലാക്കുകയായിരുന്നു. വിവാദത്തെ അസംബന്ധമെന്ന് പറഞ്ഞ് എം.വി. ഗോവിന്ദൻ തള്ളിയപ്പോൾ ശ്യാംജിത്തുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെയുള്ളവ പുറത്തുവിടുമെന്നതരത്തിൽ ഷർഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

Tags:    
News Summary - financial fraud case businessman muhammad sharshad arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.