പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപവത്കരിക്കും; പുതിയ 233 തസ്തികകളും

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപവത്കരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപവത്കരിക്കുന്ന ഈ വിഭാ​ഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ.ജി, നാല് എസ്.പി, 11 ഡിവൈ.എസ്.പി, 19 ഇൻസ്പെക്ടർമാർ, 29 എസ്.ഐമാർ, 73 വീതം എസ്.സി.പി.ഒ, സി.പി.ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണ ചുമതല.

കെ ഫോൺ പദ്ധതിക്ക് ഇളവുകൾ

കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാറിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫിസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു റൈറ്റ് ഓഫ് വെ അനുമതി തേടുന്നത് ഒഴിവാക്കും.

മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്മെന്‍റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും. മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ​ഗാരന്‍റി, പെർഫോമൻസ് ബാങ്ക് ​ഗാരന്‍റി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.

ടെക്നോ പാർക്കിന് 8.71 കോടിയുടെ ധനസഹായം

ടെക്നോപാർക്കിന് 8.71 കോടി രൂപയുടെ പ​ദ്ധതി വിഹിത ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ടെക്നോ പാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സർക്കാറിന്റെ എം.എസ്.എം.ഇയ്ക്ക് ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ നൽകിയ നടപടി സാധൂകരിച്ചു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ശമ്പള പരിഷ്ക്കരണ ആനുകൂല്യം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ​ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പള, ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്ക്കരണ പ്രകാരം 01.01.2016 മുതൽ പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു. വീട്ടു വാടക, യാത്രാബത്ത തുടങ്ങിയവ സംസ്ഥാന നിരക്കിൽ 10.02.2021ലെ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം ഉത്തരവ് തീയതി മുതൽ പ്രാബല്യത്തിൽ അനുവദിക്കും. ശമ്പള പരിഷ്ക്കരണം പ്രാബല്യത്തിൽ വരുമ്പോൾ ജീവനക്കാർക്കു നൽകേണ്ട കുടിശിക വിതരണം സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പുമായി ആലോചിച്ച് പുറുപ്പെടുവിക്കാൻ ശാസ്ത്ര സങ്കേതിക വകുപ്പിനെ ചുമതലപ്പെടുത്തി.

പ്രായപരിധി 70 വയസ്സാക്കി

സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഒഴികേയുള്ള മറ്റു സ്വയംഭരണ/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവയിലെ മാനേജിങ് ഡയറക്ടർ/ സെക്രട്ടറി/ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരുടെ പ്രായപരിധി 70 വയസ്സാക്കി.

എക്സൈസ് വകുപ്പിന് പുതിയ വാഹനങ്ങൾ

ആധുനികവത്കരണത്തിന്‍റെ ഭാ​ഗമായി എക്സൈസ് വകുപ്പ് 10 വാഹനങ്ങൾ വാങ്ങും.

സർക്കാർ ​ഗാരന്‍റി ദീർഘിപ്പിച്ചു

സംസ്ഥാന വെയർഹൗസിങ് കോർപറേഷന്റെ ​ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷൂറൻസിന് പകരമായി സെൽഫ് ഇൻഡെമ്നിഫിക്കേഷൻ സ്കീമിന് നൽകുന്ന സർക്കാർ ​ഗാരന്‍റി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കും.

Tags:    
News Summary - Financial crime unit in the police department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.