തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപവത്കരിക്കുന്നതിന്‍റെ ആവശ്യകത പഠിക്കാൻ കമീഷനെ നിയമിക്കും. നിർമിതബുദ്ധി, തത്സമയ വിശകലനം, നൂതന ജിയോ സ്പേഷ്യല്‍ സാങ്കേതിക വിദ്യകള്‍ എന്നിവ പ്രയോജനപ്പെടുത്തി സ്പേഷ്യല്‍ ഗവേണന്‍സിനെ പൊതുഭരണത്തിന്റെ മുഖ്യധാരയായി മാറ്റുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും. ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാൻ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്‍റ് സെന്‍റർ (കെ.എസ്.ആർ.ഇ.സി) പുനഃസംഘടിപ്പിക്കുകയും ഒരു കോർപസ് ഫണ്ട് രൂപവത്കരിക്കുകയും ചെയ്യും.
ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിന്റെ പുതിയ യുഗത്തില്‍ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ പോലെ തന്നെ കൃത്യതയാര്‍ന്ന സ്ഥലകാല വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണം അനിവാര്യമാണ്. അതിനാല്‍ കെ.എസ്.ആർ.ഇ.സി യെ സംസ്ഥാനത്തെ പ്രമുഖ ജിയോ സ്പെഷ്യല്‍ ഗവേണന്‍സ് സ്ഥാപനമായി മാറ്റും. ഒപ്പം ഏകീകൃത കേരള ജിയോ സ്പേഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം സ്ഥാപിക്കും.
തിരുവനന്തപുരം: അണ്ടർ വാല്യൂവേഷൻ കേസുകളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത ശേഷം, നിശ്ചയിച്ച കുടിശ്ശിക മുദ്രവിലയിൽ വീഴ്ചവരുത്തിയാൽ ഇനി അക്കാര്യം ഭൂമിയുടെ മേലുള്ള ബാധ്യതയായി ഉൾപ്പെടുത്തും. ഇതുവഴി സർക്കാർ കുടിശ്ശികകൾ കൂടുതൽ ഫലപ്രദമായി ഈടാക്കാൻ കഴിയുമെന്നാണ് ബജറ്റിലെ വിലയിരുത്തൽ. മാത്രമല്ല, ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് ഇടപാടിൽ ഏർപ്പെടുംമുമ്പ് ഇത്തരം ബാധ്യതകളെക്കുറിച്ച് അറിവ് ലഭിക്കുകയും ചെയ്യും.
കേരളത്തിലുള്ള ഉപഭോക്താക്കൾ എടുക്കുന്ന ഇൻഷുറൻസുകളിൽനിന്ന് ലഭിക്കേണ്ട മുദ്രവില വരുമാനം സംസ്ഥാനത്തിനുതന്നെ ലഭ്യമാക്കാൻ ഇ-സ്റ്റാമ്പിങ് സംവിധാനം സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്കും വ്യാപിപ്പിക്കും. ധനകാര്യ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിങ് സ്ഥാപനങ്ങൾക്ക് നിലവിൽ ലഭ്യമായ ഇ-സ്റ്റാമ്പിങ് സൗകര്യം നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ ഉൾപ്പെടെ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
2010ൽ നടപ്പാക്കിയ ന്യായവില നിർണയവുമായി ബന്ധപ്പെട്ട കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28 എ പ്രകാരമുള്ള ധാരാളം അപ്പീൽ അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി തീർപ്പാക്കാൻ പ്രത്യേക അദാലത്തുകൾ ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. നിലവിലെ എല്ലാ അപ്പീലുകളും 2026 ഒക്ടോബർ 31നകം തീർപ്പാക്കും.
തിരുവനന്തപുരം: ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാർക്ക് സ്റ്റാമ്പ് പേപ്പർ വിൽപനക്ക് നിലവിലെ ഒരുലക്ഷം രൂപ എന്ന പരിധി മൂന്നുലക്ഷം രൂപയായി ഉയർത്തി. ഇടത്തരം മൂല്യമുള്ള ഇടപാടുകൾക്കായി സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യത പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കാനും സ്റ്റാമ്പ് പേപ്പർ വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുമാണിത്.
പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും 1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതില്ലാത്ത രേഖകൾക്കു ഡിജിറ്റൽ സ്റ്റാമ്പിങ് സൗകര്യം വിപുലീകരിക്കും. ഇതിലൂടെ മുദ്രവില പൂർണമായും ഓൺലൈനായി അടക്കാൻ സൗകര്യം ലഭിക്കുകയും സർക്കാറിന്റെ റവന്യൂ വരുമാനം വർധിക്കുകയും ചെയ്യും.
തിരുവനന്തപുരം: ഭൂമി ഇടപാടിലെ അണ്ടർ വാല്യൂവേഷൻ കേസുകളിൽ കുടിശ്ശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ ബജറ്റ് നിർദേശം. 2010 മാർച്ച് 31 വരെയുള്ള കേസുകളിൽ മുദ്രവില 10,000 രൂപയിൽ താഴെയുള്ളവ ഒറ്റത്തവണ നടപടി എന്ന നിലയിൽ എഴുതി തള്ളും.
1986 മുതൽ 2023 വരെ കാലയളവിൽ ഏകദേശം 703 കോടി രൂപയുടെ 1,46,355 അണ്ടർ വാല്യൂവേഷൻ കേസുകളുണ്ട്. തീർപ്പാകാതെ അവശേഷിക്കുന്ന കേസുകളിൽ ആശ്വാസം നൽകുന്നതാണ് പദ്ധതി. നോട്ടീസുകളിൽ എല്ലാ അപ്പീൽ നടപടിക്കുംശേഷം അടക്കേണ്ട തുക 60 ദിവസത്തിനകം അടച്ചില്ലെങ്കിൽ 12 ശതമാനം പലിശ (മാസം ഒരു ശതമാനം വീതം) ചുമത്താനും നിർദേശമുണ്ട്. ലഭ്യമായ എല്ലാ അപ്പീൽ പരിഹാര മാർഗങ്ങളും പൂർത്തിയായശേഷം നിർണയിക്കുന്ന അധിക മുദ്രവില അന്തിമ ഉത്തരവിന്റെ തീയതി മുതൽ 60 ദിവസത്തിനകം അടക്കുന്നതിൽ വീഴ്ചവരുത്തിയാലാണ് പലിശ ബാധ്യത വരിക.
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ നിർമാണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നിലവിൽ അർഹതയുള്ള ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും അനുവദിച്ച നാല് ശതമാനം മുദ്രവില നിരക്ക് വില്ലകൾക്കും ബാധകമാക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) രജിസ്റ്റർ ചെയ്ത വില്ലകൾക്കാണ് ബാധകം. നിലവിൽ 10 ശതമാനമാണ് മുദ്രവില. ഇതോടെ പരിസ്ഥിതി സൗഹൃദ വില്ലകളുടെ രജിസ്ട്രേഷൻ തുക കുറയും.
തിരുവനന്തപുരം: കോളജ് വിദ്യാർഥികൾ കായിക ഇനങ്ങളിലോ എന്‍.സി.സിയിലോ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കും. ഇതിലൂടെ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗത്തിലും മറ്റ് അനഭിലഷണീയ പ്രവൃത്തികളിലും ഏര്‍പ്പെടുന്നത് നിരുത്സാഹപ്പെടുത്താനാകും. പരിശീലനത്തിന് വിരമിച്ച കോച്ചുമാരുടെ സേവനം ഉപയോഗപ്പെടുത്തും. കോളജ് കാമ്പസുകളിലെ കളിസ്ഥലങ്ങള്‍ പൂർണമായും ഉപയോഗക്ഷമമാക്കും.
തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി. വയോജന വകുപ്പിന് കീഴിൽ സര്‍ക്കാര്‍ നയരേഖകള്‍ രൂപവത്കരിക്കും. ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വയോജനങ്ങളുടെ വൈദഗ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കും. വയോജന സേവനം, റിട്ടയര്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, വാർധക്യകാല ആരോഗ്യ പരിപാലന രംഗത്തെ നവീന കണ്ടുപിടിത്തങ്ങള്‍, സില്‍വര്‍ സംരംഭകത്വം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമാഹൃത സില്‍വര്‍ ഇകണോമിക് പോളിസി വികസിപ്പിച്ച് നടപ്പാക്കും. സംരംഭത്തിന്റെ നടപ്പാക്കൽ മുൻഗണനകളെയും പ്രവർത്തനരീതികളെയും കുറിച്ച് മുതിർന്ന പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ സമഗ്ര സർവേ നടത്തും.
വിട്ടുമാറാത്ത രോഗങ്ങള്‍, വാർധക്യ സഹജ ബുദ്ധിമുട്ടുകള്‍, വൈകല്യങ്ങള്‍ എന്നിവ നേരിടുന്നവരെ സഹായിക്കാൻ തൊഴിലധിഷ്ഠിത പരിശീലനത്തിന് സര്‍ക്കാര്‍ -സ്വകാര്യ നഴ്സിങ് കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ആറുമാസ കാലയളവിലേക്ക് സര്‍ക്കാര്‍ അംഗീകാരത്തോടെ, അന്താരാഷ്ട്ര നിലവാരമുള്ള കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും. ഇതിലൂടെ ആവശ്യമുള്ളവര്‍ക്ക് പരിചരണവും തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് മാന്യമായ തൊഴിലും ലഭ്യമാകും. മുതിര്‍ന്ന പൗരന്മാരെ സജീവമാക്കാൻ വയോജന പാര്‍ക്കുകളും പകല്‍ വീടുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.