തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കജനകമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തിന് വലിയ ബുദ്ധമുട്ടുണ്ടാക്കുന്നു. പലതിലും നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുന്നു. എന്നിട്ടും ആവശ്യമുള്ള ഒരു കാര്യത്തിലും തടസ്സം വന്നിട്ടില്ല. നല്ലതുപോലെ ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പണം ചെലവാക്കേണ്ട ഒന്നിലും ചെലവിടാതിരുന്നിട്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരുന്നത് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികളാണ്. അടുത്ത സാമ്പത്തികവർഷത്തെ ബജറ്റിന്റെ തയാറെടുപ്പ് പുരോഗമിക്കുന്നു. ബജറ്റിന് മുന്നോടിയായി ചർച്ചകൾ നടക്കുന്നു. ബജറ്റ് അവതരിപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
സംസ്ഥാനം ആവശ്യപ്പെട്ട പല കാര്യങ്ങളും കേന്ദ്രം അനുവദിക്കാത്ത വിഷമകരമായ സാഹചര്യമുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം തുടരാത്തതും അർഹമായ നികുതി വിഹിതം നൽകാത്തതുമടക്കം പ്രതിസന്ധിയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും സമാനസ്ഥിതിയുണ്ട്. നോട്ട് നിരോധ വിഷയത്തിൽ സുപ്രീംകോടതി നോക്കിയത് നിയമപരമായ കാര്യങ്ങളാണ്. നോട്ട് നിരോധനം മൂലം വ്യവസായ-കാർഷിക-സേവന രംഗത്ത് ഉണ്ടാക്കിയ തകർച്ചക്ക് പരിഹാരമുണ്ടായിട്ടില്ല.
അത് സമ്പദ്വ്യവസ്ഥയെ ബാധിച്ചു. നോട്ട് നിരോധനം വ്യവസായ സമൂഹിക സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിഫലനം പരിഗണിച്ച് ഭാവിയിൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രം ശ്രദ്ധിക്കുമെന്ന് കരുതുന്നു. നോട്ട് നിരോധംവഴി എല്ലാ പ്രശ്നവും പരിഹരിക്കാനായില്ല. പിൻവലിച്ച 99 ശതമാനം നോട്ടും തിരിച്ചുവന്നു.
കേരളത്തിൽ ഉൾപ്പെടെ നോട്ടുമാറാൻ ക്യൂ നിന്ന് എത്രപേരാണ് മരിച്ചത്. നിരോധനം അന്നുണ്ടാക്കിയ ആശങ്ക കൂടി പരിഗണിച്ചുവേണം വിലയിരുത്താനെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.