തിരുവനന്തപുരം: ഭരണപരമായും സാമ്പത്തികമായും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈവെക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 'ഞങ്ങൾ തീരുമാനിക്കും സംസ്ഥാനങ്ങൾ അനുസരിക്കണ'മെന്ന നിലപാടാണ് കേന്ദ്രസർക്കാറിന്. സംസ്ഥാനങ്ങളെ ധനവിഹിതം വെട്ടിക്കുറച്ച് ശ്വാസംമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും കേരള വികസനവും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആകെ നികുതി വരുമാനത്തിന്റെ 62.7 ശതമാനവും കേന്ദ്ര സർക്കാറിനാണ് ലഭിക്കുന്നത്. അതേസമയം വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നതിൽ 62.4 ശതമാനം തുകയും സംസ്ഥാനങ്ങളുടേതാണ്. 15-ാം ധനക്കമീഷൻ ശിപാർശ പ്രകാരം കേരളത്തിന് ലഭിക്കുന്ന വിഹിതം 1.92 ശതമാനം മാത്രമാണ്. 3.9 ശതമാനവും 2.43 ശതമാനവുമെല്ലാം ലഭിച്ചിരുന്ന സ്ഥാനത്താണ് വികസന സൂചിക ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രത്തിെൻറ ഈ വേർതിരിവ്.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ വിഹിതമെല്ലാം. ജി.എസ്.ടിയിൽ പല സാധനങ്ങളുടെയും നികുതി കുറച്ചിട്ടുണ്ടെങ്കിലും അതിെൻറ പ്രയോജനം ജനങ്ങളിലേക്കെത്തിയില്ല. ഉപകാരം കിട്ടിയതാകട്ടെ കമ്പനികൾക്കും. കോവിഡ് കാലത്ത് പോലും കോർപറേറ്റുകളുടെ ലാഭം മൂന്ന് മടങ്ങ് വർധിച്ചിട്ടുണ്ട്.
സിവിൽ സർവിസ് വേണ്ടെന്ന അപകടകരമായ ആശയവുമാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതോടെ സർവകലാശാലകളുടെ അധികാരത്തെ കാര്യമായി ബാധിക്കും. എവിടെ കോഴ്സുകൾ ആരംഭിക്കണമെന്ന് തീരുമാനിക്കുക കേന്ദ്ര ഏജൻസികളായിരിക്കും.
സംസ്ഥാന മന്ത്രിമാർ സാധാരണ സമരങ്ങളിലൊന്നും പങ്കെടുക്കില്ല. അതേസമയം കേന്ദ്രമന്ത്രിയായാൽ സംസ്ഥാന സർക്കാറിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുക്കാമെന്നതാണ് പുതിയ കാഴ്ച. നാടിെൻറ കാഴ്ചപ്പാടിന് വ്യത്യസ്തമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.