ഒടുവിൽ കെ.വി. തോമസ് പുറത്ത്; ജന്മനാട്ടിൽ ചിത്രത്തിന് പ്രവർത്തകർ തീയിട്ടു

കൊച്ചി: പാർട്ടിക്ക് അകത്തോ പുറത്തോയെന്ന് വ്യക്തമാകാതെ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് ഒടുവിൽ പുറത്ത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് പ്രചാരണ പരിപാടിയിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നടപടി. ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പുറത്താക്കുന്നെങ്കിൽ കോൺഗ്രസ് നേതൃത്വം പുറത്താക്കട്ടെയെന്നും കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തി കെ.വി. തോമസ് വെല്ലുവിളിച്ചിരുന്നു.

തുടർന്നാണ് മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. നേതൃത്വത്തെ പ്രകോപിപ്പിച്ച് രക്തസാക്ഷി പരിവേഷത്തോടെ പുറത്തേക്ക് പോകാനുള്ള തന്ത്രമാണ് കെ.വി. തോമസ് പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

പരസ്യ വിമർശനങ്ങൾ തുടരുമ്പോഴും പരമാവധി അവഗണിച്ച് കെ.വി. തോമസ് കോൺഗ്രസിൽ ഒരു ഘടകമേയല്ലെന്ന് വരുത്തിത്തീർക്കുകയെന്ന നയമാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ, ഇടതുപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് പങ്കെടുക്കുകയും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തത് വിവാദമായിരുന്നു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്ന് തനിക്ക് പകരം സിറ്റിങ് എം.എൽ.എയായിരുന്ന ഹൈബി ഈഡനെ സ്ഥാനാർഥിയാക്കിയതോടെ പ്രതിഷേധവുമായി തോമസ് രംഗത്തെത്തിയിരുന്നു. തുടർന്ന് നേതൃത്വവുമായി ഇദ്ദേഹം അകൽച്ചയിലായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എം.പി, എം.എൽ.എ, സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചു. കുമ്പളങ്ങി സ്വദേശിയായ കോളജ് അധ്യാപകനായിരുന്ന ഇദ്ദേഹം 1970ലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എറണാകുളം ഡി.സി.സി പ്രസിഡൻറ്, ഐ.എൻ.ടി.യു.സി ഓർഗനൈസിങ് സെക്രട്ടറി തുടങ്ങിയ നിലയിലൂടെ ഉയർന്നുവന്നു. 1984 മുതൽ എ.ഐ.സി.സി അംഗമാണ്.

1984-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽനിന്ന് ആദ്യമായി പാർലമെൻറ് അംഗമായി. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എറണാകുളത്തുനിന്ന് വീണ്ടും ലോക്സഭ അംഗമായി. കെ.പി.സി.സി ട്രഷറർ പദവിയും വഹിച്ചു. 1996-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത്​ സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കലിനോട് പരാജയപ്പെട്ടു. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽനിന്ന് നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്തുനിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻറണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്നു.

ജന്മനാട്ടിൽ പ്രതിഷേധം

പള്ളുരുത്തി: ജന്മനാടായ കുമ്പളങ്ങിയിൽ കെ.വി. തോമസിനെതിരെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽനിന്ന്​ നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി. തോമസിന്‍റെ ചിത്രം എടുത്തുമാറ്റിയ പ്രവർത്തകർ ഓഫിസിനു പുറത്ത് റോഡിലിട്ട് തീയിട്ടു. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി കൺവെൻഷനിൽ പങ്കെടുത്ത പഴയ നേതാവിനോടുള്ള അമർഷം ചിത്രം ഓഫിസിൽനിന്ന്​ മാറ്റി അഗ്നിക്കിരയാക്കിയാണ് പ്രവർത്തകർ തീർത്തത്. തോമസിനെതിരെ ഗോബാക്ക് വിളികളും ഉയർത്തിയാണ് പ്രവർത്തകർ ചിത്രം നീക്കാൻ എത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. സഗീർ നേതൃത്വം നൽകി.

Tags:    
News Summary - Finally K.V. Thomas out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.