പാലക്കാട്: ടൈപ്റൈറ്ററുകളുടെ ‘ടിക് ടിക്’ ശബ്ദം ഇനി അധിക നാൾ കേട്ടേക്കില്ല. നിശ്ശബ്ദതയിലേക്ക് ആണ്ടുപോകുന്ന ‘കീ’കളും തുരുമ്പെടുക്കുന്ന ‘ലിവറു’കളുമായി ടൈപ്റൈറ്ററുകൾ ഓർമയിലൊതുങ്ങാനുള്ള പ്രയാണത്തിലാണ്. നഗര-ഗ്രാമഭേദമന്യേ യുവതയെ ആകർഷിച്ചിരുന്ന ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മരണമണിക്കായി കാത്തിരിക്കുന്നു. ഇതിനിടെ ‘ഇത് അവസാന പരീക്ഷയാണ്’ എന്ന മുന്നറിയിപ്പോടെ കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷ പൂർത്തിയാക്കുന്ന തിരക്കിലാണ്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തിവന്നിരുന്ന ടൈപ്റൈറ്റിങ് ലോവർ, ഹയർ പരീക്ഷകൾ വേണ്ടെന്ന് തീരുമാനിച്ചിട്ട് രണ്ടു വർഷമായി. എന്നാൽ, പ്രതിഷേധവും ബദൽ പരീക്ഷ സംബന്ധിച്ച് വ്യക്തതയില്ലായ്മയും കാരണം കഴിഞ്ഞ വർഷം പഴയ സ്കീമിൽ പരീക്ഷ നടന്നു.
പരീക്ഷ കമ്പ്യൂട്ടർ വേഡ് പ്രൊസസിങ് പ്രാവീണ്യത്തിലൊതുക്കുന്ന വിഷയത്തിൽ ടൈപ്റൈറ്റിങ് സ്ഥാപന ഉടമകളുടെ സംഘടനയുമായി ചർച്ചചെയ്ത് രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്.സംസ്ഥാനത്ത് 737 ടൈപ്റൈറ്റിങ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മൂന്നുനാലു പതിറ്റാണ്ടായി ഇത് ഉപജീവനമായി മുന്നോട്ടുപോകുന്ന സ്ഥാപന ഉടമകളുണ്ട്. 2000 വരെ ധാരാളം പേരെത്തിയിരുന്ന ടൈപ്റൈറ്റിങ് കേന്ദ്രങ്ങൾ പലതും കമ്പ്യൂട്ടറുകളുടെ വരവോടെ പൂട്ടിപ്പോവുകയായിരുന്നു. ചിലത് കമ്പ്യൂട്ടർ പഠനകേന്ദ്രങ്ങളായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരീക്ഷ യോഗ്യതക്കായി എത്തുന്നവർ മാത്രമായി കേന്ദ്രങ്ങൾ ചുരുങ്ങി.
നിലവിൽ ടൈപ്റൈറ്റിങ്ങിനും കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്ങിനും പ്രത്യേകം പരീക്ഷയുണ്ട്. പതിനായിരത്തോളം പഠിതാക്കൾ സംസ്ഥാനത്ത് പരീക്ഷക്കെത്തുന്നുണ്ടെന്നാണ് സംഘടന പ്രതിനിധികളുടെ അവകാശവാദം. ഒഴിവുകൾ കാര്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഉൾപ്പെടെ പി.എസ്.സി പരീക്ഷകൾക്ക് ടൈപ്റൈറ്റിങ് കെ.ജി.ടി.ഇ സർട്ടിഫിക്കറ്റുകൾ ഔദ്യോഗിക യോഗ്യതയാണ്. പി.എസ്.സി-എസ്.എസ്.സി പരീക്ഷകൾക്ക് ഇനിയും ടൈപ്റൈറ്റിങ് ഒഴിവാക്കിയില്ലെന്നിരിക്കെ ഈയടുത്ത കാലത്ത് ജോലിസാധ്യത മുന്നിൽക്കണ്ട് ആളുകൾ കൂടുതലായെത്തുന്നുണ്ടെന്ന് ഓൾ കേരള ടൈപ്റൈറ്റിങ് ആൻഡ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് വെൽഫെയർ അസോ. സംസ്ഥാന സെക്രട്ടറി എ.പി. വിജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.