നിറം മങ്ങാതെ ശബരിമല വിവാദങ്ങളും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' വെളിപ്പെടുത്തലും വന്നതോടെ പത്തനംതിട്ടയിൽ പോരാട്ടത്തിന് മാറ്റേറി. അഞ്ചു മണ്ഡലമുള്ള ജില്ലയിൽ അഞ്ചിടത്തും ഇടത് എം.എൽ.എമാരാണ്. ഇത്തവണയും അഞ്ചും ഉറപ്പാണ് എന്നുകരുതിയാണ് ഇടതുപക്ഷം കളത്തിലിറങ്ങിയത്. വോട്ടെടുപ്പ് അടുക്കുന്തോറും അവരുടെ ആത്മവിശ്വാസം കുറയുന്ന കാഴ്ചയാണ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയാണ് ജില്ലയിലെ ഏറെശ്രദ്ധേയമായ മണ്ഡലം. സുരേന്ദ്രൻ ഇത് മൂന്നാം തവണയാണ് കോന്നിക്കാരുെട മുന്നിൽ വോട്ട് അഭ്യർഥിക്കുന്നത്. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിലായിരുന്നു ആദ്യത്തേത്. കോന്നി ഉപതെരെഞ്ഞടുപ്പിൽ രണ്ടാംതവണയുമെത്തി. രണ്ടുതവണയും മൂന്നാം സ്ഥാനത്തായിരുന്നു. എൻ.എസ്.എസ്, ഓർത്തഡോക്സ് സഭ വോട്ടുകൾ ഇത്തവണ കൂടുതൽ കിട്ടുമെന്നാണ് സുരേന്ദ്രെൻറ പ്രതീക്ഷ. ഡീൽ സത്യമെങ്കിൽ സി.പി.എം വോട്ടുകളും സുരേന്ദ്രന് മറിയണം.
അതിെൻറ ലക്ഷണം പുറമെ കാണുന്നില്ല. നിലവിലെ എം.എൽ.എ സി.പി.എമ്മിലെ കെ.യു. ജനീഷ്കുമാർ, കോൺഗ്രസിലെ റോബിൻ പീറ്റർ എന്നിവരാണ് എതിരാളികൾ. അടൂർ പ്രകാശ് എം.പിയായതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർഥിയാക്കണമെന്ന അടൂർ പ്രകാശിെൻറ ആവശ്യവും ഒടുവിൽ പി. മോഹൻരാജിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതും വലിയ വിവാദമായിരുന്നു. വോട്ടെണ്ണിയപ്പോൾ ജയിച്ചത് ജനീഷ്കുമാറായിരുന്നു. അന്ന് ഇടത്തേക്ക് തിരിഞ്ഞ കോന്നിക്കാർ ഇപ്പോൾ റോബിനെ കണ്ടതോടെ ഇളകിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ എൽ.ഡി.എഫിന് ഉറപ്പാണ് കോന്നിയെന്ന് പറയാനാവില്ല.
ഡീൽ വിവാദത്തിൽ കുടുങ്ങിയ ആറന്മുളയിൽ നിലവിലെ എം.എൽ.എ സി.പി.എമ്മിലെ വീണാ ജോർജും കഴിഞ്ഞ തവണ വീണയോട് തോറ്റ കോൺഗ്രസിലെ അഡ്വ. കെ. ശിവദാസൻ നായരും ബി.ജെ.പിയിലെ ബിജു മാത്യുവുമാണ് പൊരുതുന്നത്. ഇടതുപക്ഷ വോട്ടിന് പുറമെ എൻ.എസ്.എസ്, ഓർത്തഡോക്സ് വോട്ടുകളാണ് കഴിഞ്ഞ തവണ വീണക്ക് തുണയായത്. ഇത്തവണ ഇരുകൂട്ടരും ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നില്ല. അതോടെ ശിവദാസൻ നായർ പ്രചാരണം കൊഴുപ്പിക്കുന്നു. ബിജു മാത്യു ഓർത്തഡോക്സ് സഭാംഗമാണ്. ബിജുവിനെപ്പോലെ പ്രമുഖനല്ലാത്ത ആളെ ആറന്മുളയിൽ നിർത്തിയത് കോന്നിയിൽ സുരേന്ദ്രന് ഓർത്തഡോക്സ് വോട്ടുകൂടി ഉറപ്പാക്കാനാണെന്നതാണ് ആറന്മുള ഡീലിലെ കഥാതന്തു. എൽ.ഡി.എഫിന് ഉറപ്പാണ് ആറന്മുളയെന്ന് പറയാനാവില്ല.
സംവരണമണ്ഡലമായ അടൂരിൽ നിലവിലെ എം.എൽ.എ സി.പി.ഐയിലെ ചിറ്റയം ഗോപകുമാറും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണനും ഒരുമാസം മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പന്തളം പ്രതാപനും തമ്മിലാണ് മത്സരം. യൂത്ത് േകാൺഗ്രസുകാർ കൂട്ടത്തോടെ അടൂരിൽ പ്രചാരണത്തിനിറങ്ങിയത് എൽ.ഡി.എഫിൽ ആശങ്ക പരത്തിയിട്ടുണ്ട്. തൊഴിലാളികളാണ് അടൂരിലെ ഭൂരിപക്ഷം വോട്ടർമാരും. അതിനാൽ മണ്ഡലം കൈവിടിെല്ലന്ന വിശ്വാസമാണ് എൽ.ഡി.എഫിന്.
തിരുവല്ലയിൽ മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ജനതാദളിലെ (സെക്യുലർ) മാത്യു ടി. തോമസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസിലെ (ജോസഫ്) കുഞ്ഞുകോശി പോൾ, ബി.ജെ.പിയിലെ അശോകൻ കുളനട എന്നിവരാണ് എതിരാളികൾ. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ഗ്രൂപ്പിസം നിമിത്തമുള്ള കാലുവാരലാണ് മാത്യു ടി. തോമസിന് കാൽനൂറ്റാണ്ടായി തുണയാകുന്നത്.
ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്നാണ് കരുതുന്നതെങ്കിലും എൻ.എസ്.എസും ക്രൈസ്തവ സഭകളും എൽ.ഡി.എഫിനോട് താൽപര്യം കാട്ടാത്തത് അദ്ദേഹത്തിന് ഭീഷണിയാണ്.
ശബരിമല ഉൾപ്പെടുന്ന മണ്ഡലമാണ് റാന്നി. കാൽനൂറ്റാണ്ടായി സി.പി.എമ്മിലെ രാജു എബ്രഹാമായിരുന്നു ഇവിടെ എം.എൽ.എ. ഇത്തവണ മണ്ഡലം എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസി (ജോസ്)നാണ് നൽകിയത്. ആലപ്പുഴക്കാരനായ പ്രമോദ് നാരായണനെയാണ് കേരള കോൺഗ്രസ് പോരിനിറക്കിയത്. കോൺഗ്രസിലെ റിങ്കു ചെറിയാനും ബി.ഡി.ജെ.എസിലെ കെ. പദ്മകുമാറുമാണ് എതിരാളികൾ. ഡീൽ ഇടപാട് റാന്നിയിലും സംശയിക്കെപ്പടുന്നുണ്ട്. റാന്നി പഞ്ചായത്തിൽ ബി.ജെ.പി, സി.പി.എം പിന്തുണയിലാണ് കേരള കോൺഗ്രസ് (ജോസ്) ഭരിക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.