പൈനാപ്പിൾ കൃഷിയിൽ കീടനാശിനി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഉത്തരവ്

തിരുവനന്തപുരം: പൈനാപ്പിൾ കൃഷിയിൽ കീടനാശിനി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്‍റെ ഉത്തരവ്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും അപകടരമാവും വിധം പൈനാപ്പിൾ കൃഷിയിൽ കീടനാഴിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ ഉപയോഗിക്കുന്നവെന്നും ഇത് നിയമന്ത്രിക്കണമെന്നുള്ള ഹൈകോടതി വിധിയെ തുടർന്നാണ് കൃഷിവകുപ്പിെൻറ ഉത്തരവ്. 2019ൽ ജൈവവൈവിധ്യ ബോർഡും ഈ വർഷം ഏപ്രിൽ 27ന് കാർഷിക സർവകലാശാല രജിസ്ട്രാറും ഏപ്രിൽ 21ന് കൃഷിവകുപ്പ് ഡയറക്ടറും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിച്ചിരുന്നു.

സർക്കാർ വിശദമായി പരിശോധിക്കുകയും ഹൈകോടതി നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്തു. പരിസ്ഥിതി സുരക്ഷയും, സംരക്ഷണവും പരിഗണിച്ച് മുഴുവൻ ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ആപൽക്കരമായ രാസവസ്തുക്കൾ അടങ്ങിയ കീടനാശിനികളുടെ ഉപയോഗം കാർഷിക മേഖലയിൽ കുറയ്ക്കണം. മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് കാർഷികമേഖലയിൽ നല്ല പ്രവർത്തനങ്ങൾ നടത്തണമെന്ന നിർദേശിച്ചു. കാർഷിക മാനദണ്ഡങ്ങളും കാർഷിക രംഗത്ത് ഉപയോഗിക്കേണ്ട രാസവസ്തുക്കളുടെ പട്ടികയും തയാറാക്കി.

പൈനാപ്പിൾ കൃഷി നടത്തുന്ന കർഷകർ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയിൽ കൃഷി നടത്തുമ്പോൾ കൃഷി ഭവനങ്ങളിൽ രജിസ്റ്റർ ചെയ്യണം. കുറഞ്ഞത് 62.5 ഏക്കർ (25 ഹെക്ടർ) ആണ് ഒരു ക്ലസ്റ്ററായി പരിഗണിക്കുന്നത്. നല്ല കൃഷിക്കുള്ള (ഗുഡ് അഗ്രകൾച്ചറൽ പ്രാക്ടീസ് -ജ.എ.പി) സർട്ടിഫിക്കേഷന് കൃഷിവകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പൈനാപ്പിൽ കർഷകൻ "ഫാം ഡയറി" കുറഞ്ഞത് ഒരു വർഷത്തേക്ക് സൂക്ഷിക്കണം.

കൃഷിയിടത്തിൽ കീടനാശിനികളുടെ (രാസവസ്തുക്കളുടെ) ഉപയോഗം ശാസ്ത്രീയമായിരിക്കണം. രജിസ്ട്രേഷൻ കമ്മിറ്റി അംഗീകരിച്ച ലേബലിലുള്ള കീടനാശിനികൾ/ കളനാശിനികൾ മാത്രമേ ഉപയോഗിക്കാവു. കീടനാശിനി പ്രയോഗം മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷരമാകരുത്. കീടനാശിനികളുടെ ഉപയോഗത്തിന് കമ്മിറ്റിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം. കീടനാശിനികൾ സംഭരിക്കുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു രജിസ്റ്റർ ചെയ്ത ഡീലർമാർമാർക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

വിൽപനക്ക് ലൈസൻസുള്ള ഡീലർമാർ കർഷകർക്ക് കീടനാശിനി സംബന്ധിച്ച വിവരങ്ങൾ ബോധ്യപ്പെടുത്തിയാണ് നൽകേണ്ടത്. അതിൽ ഡീലർമാർക്ക് നിർണായക പങ്ക് വഹിക്കണം. കാർഷിക സർവകലാശാലയും കൃഷി ഓഫിസർമാരും നൽകുന്ന നിർദേശത്തിന് അനുസരിച്ചാണ് കീടനാശിനികൾ ഉപയോഗിക്കേണ്ടത്. അതിെൻറ അളവ്, സമയം, രീതി എന്നിവ ശരിയായ രീതിയിൽ ഉപയോഗിക്കണം. കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ മുതലായവ ഉപയോഗിക്കുന്ന കർഷകർ കാർഷിക സർവകലാശാലയുടെ നിർദേശങ്ങൾ പാലിക്കണം.

രാസവസ്തുക്കൾ ഉപയോഗിക്കേണ്ട അളവും രീതിയും കൃഷിക്കാരന് നൽകണം. കൃഷിഭവനുകളിൽ സമാനമായ കൃഷി ചെയ്യുന്നവർ ചേർന്ന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കണം. കൃഷി ഓഫീസർമാരുടെ നിർദ്ദേശത്തോടെ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടത്. കൃഷി ഓഫിസർ വ്യക്തിഗത പ്ലോട്ടുകൾ സന്ദർശിക്കണം. കീടങ്ങൾ, രോഗം, കളബാധ എന്നിവ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം. ബന്ധപ്പെട്ട കൃഷി ഭവനിലെ ഓഫീസർ കാർഷിക സർവകലാശാല നൽകുന്ന ശിപാർശ അനുസരിച്ച് കാർഷകർക്ക് പി.പി (പ്ലാൻറ് സംരഷണ) രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് കുറിപ്പടി നൽകണം. ഉൽപന്നങ്ങളുടെ സാമ്പിൾ അംഗീകൃത ലാബുകളിൽ കീടനാശിനി അവശിഷ്ട പരിശോധന നടത്തി "സുരക്ഷിത ഭക്ഷണം" ആണെന്ന് ഉറപ്പാക്കണം.

കൃഷി ഓഫിസർ ഫീൽഡ് തലത്തിൽ കൃത്യമായ മോണിറ്ററിങ് നടത്തണം. കർശനമായ മേൽനോട്ടം ഉണ്ടായിരിക്കണം. ഫീൽഡ് തലത്തിൽ വിലയിരുത്തൽ നടത്തിയതിന് ശേഷമേ സർട്ടഫിക്കറ്റ് നൽകാവൂ. കൃഷി ഭവനിലെ കാർഷിക ഓഫീസറാണ് ഇൻസ്പെക്ടർ. വിളയുടെ വളർച്ചാ കാലയളവിൽ പരിശോധന നടത്തണം. ഒരു വിളയുടെ കാലയളവിൽ മൂന്ന് തവണയെങ്കിലും ഓരോരുത്തരും പരിപാലിക്കുന്ന ഫാം ഡയറികൾ വിലയിരുത്തണം. കൃഷി ഓഫീസർ ക്ലസ്റ്റർ തിരിച്ചുള്ള ഫീൽഡ് പരിശോധന റിപ്പോർട്ട് ബന്ധപ്പെട്ട ബ്ലോക്ക് തല കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ (എ.ഡി.എ)ക്ക് നൽകണം.

എ.‌ഡി.എ 25 ശതമാനം ക്ലസ്റ്ററുകളിൽ ഫീൽഡ്തല പരിശോധന നടത്തി ജില്ലാ തല അതോറിറ്റിക്ക് 'സുരക്ഷിത സർട്ടിഫിക്കറ്റ്' നൽകാൻ ശുപാർശ ചെയ്യണം. ജില്ലാതലത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർക്കാണ് മൊത്തത്തിലുള്ള നിയന്ത്രണം. 60 മാനദണ്ഡങ്ങളിൽ 80 ശതമാനം പാലിക്കുന്നവർക്ക് മാത്രമേ സർട്ടിഫക്കറ്റ് നൽകാവൂ. മാർനിർദേശങ്ങൾ ലംഘിക്കുന്ന കർഷകരിൽ നിന്ന് പിഴയും ഈടാക്കും. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ‌ക്ക് വിരുധമായി കീടനാശിനികൾ, കളനാശിനികൾ, കുമിൾനാശികൾ തുടങ്ങിയ വിവേചനരഹിതമായ ഉപയോഗിച്ചാൽ 1968ലെ കീടനാശിനി നിയമത്തിലെ വകുപ്പ് 29 പ്രകാരം പിഴ ഈടാക്കും. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 24 (രണ്ട്) പ്രാകരവും നടപടി സ്വീകരിക്കും. വാണിജ്യാവശ്യങ്ങൾക്കായി പൈനാപ്പിൾ കൃഷിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആപൽകരമായി കീടനാശിനികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഉത്തരവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.