ന്യൂഡൽഹി: സർക്കാറിതര സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്താൽ അവയുടെ സ്വത്ത് കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ ബി.ജെ.പിക്ക് സെൽഫ് ഗോളാകുന്നു. ബിൽ അത്യന്തം അപകടകരമായ നീക്കമെന്ന് വിമർശിച്ച് പ്രതിപക്ഷം രംഗത്തുവന്നതിനു പിന്നാലെ ക്രിസ്ത്യൻ സഭകളും പരസ്യമായി രംഗത്തുവന്നത്, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടയിലാണിത്. തിരക്കിട്ട് ബിൽ പാസാക്കാൻ നടത്തുന്ന നീക്കം ഹിന്ദുത്വ അജണ്ടയാണെന്ന് കത്തോലിക്കാ സഭ വിമർശിച്ചിരിക്കുകയാണ്.
ബില്ലിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി, കോൺഗ്രസ് രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. ഇതിന് പിന്നാലെ ഡൽഹി ആർച്ച് ബിഷപ് അനിൽകൂട്ടോ കത്തോലിക്കാ സഭാ ആസ്ഥാനത്ത് വിഷയത്തിൽ വാർത്തസമ്മേളനം വിളിക്കുകയും ചെയ്തു.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്തവരെ നിശ്ശബ്ദരാക്കി, അവരുടെ സ്ഥാപനങ്ങളുടെ ആസ്തികൾ പിടിച്ചെടുക്കാനുള്ള ആയുധമാണ് നിർദിഷ്ട ഭേദഗതിയെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. എഫ്.സി.ആർ.എ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലുള്ളപ്പോൾ പുതിയ ഭേദഗതിയുമായി വരുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് തോമസ് തറയിൽ പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ വിദേശ സഹായത്തോടെ നിർമിച്ചതാണെന്ന കാര്യം രഹസ്യമല്ല. പൊടുന്നനെ ലൈസൻസുകൾ റദ്ദാക്കി അവ അധീനതയിലാക്കാൻ സർക്കാറിന് അധികാരം കൈവരുന്ന സ്ഥിതിയാണ് സംജാതമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ സഭയിൽ ഇല്ലാതിരുന്ന സമയത്ത് ബിൽ അവതരിപ്പിച്ചത് സംശയകരമാണെന്നും, നീക്കത്തിന് പിന്നിൽ ആർ.എസ്.എസിന്റെ സ്വാധീനമാണെന്നും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.