മന്ത്രി കെ.എം. ഷാജി
ന്യൂഡൽഹി: തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരമായി കേരളത്തിൽ ദയാവധം ഉൾപ്പെടെ നടപ്പാക്കാൻ ആലോചന. സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് നായ്ക്കളെ ദയാവധം ചെയ്യുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളും ആക്രമണകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം നായ്ക്കളെ തിരിച്ചറിയാൻ നിർമിതബുദ്ധിയുടെ (എ.ഐ) സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മേയിലാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിലെ തെരുവുനായ് സാന്നിധ്യം ആശങ്കജനകമായ രീതിയിൽ വർധിച്ചിരിക്കുകയാണെന്ന് കോടതി നിരീക്ഷിക്കുകയുമുണ്ടായി.
അതിനിടെ, മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. മാലിന്യ ശേഖരണത്തിന് മലബാർ, മധ്യകേരളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തും. പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം കൊണ്ടുവരും. പി.എം ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദം വെറുതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും സർക്കാറിന്റെ പരിഗണനയിലാണ്.
എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചതിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ പ്രതിഷേധമുയർന്നതിലും മന്ത്രി പ്രതികരിച്ചു.
‘ശേഷാദ്രിനാഥനെ വർഗീയവാദിയാക്കുന്നത് സങ്കടകരമാണ്. ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചത്’ -ഷാജി അഭിപ്രായപ്പെട്ടു. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞെന്നും ആ വിഷയം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.