കൊച്ചി: തന്റെ നാല് പെൺമക്കളും പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ സ്കൂളിലാണെന്നും അവരൊക്കെയും തലമറച്ചാണ് സ്കൂളിൽ പോയിരുന്നതെന്നും പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ പഠനം നിർത്തേണ്ടി വന്ന കുട്ടിയുടെ പിതാവ് പി.എം. അനസ്. കനോഷ്യൻ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിലാണ് മൂത്ത മൂന്ന് മക്കളും പഠിച്ചതെന്ന് അദ്ദേഹം ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
‘അവർക്ക് ആർക്കും അവിടെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നാലാമത്തെ മകളെ ഈ വർഷം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ എട്ടാംക്ലാസിൽ ചേർത്തത്. എന്നാൽ, ഇവർ കുട്ടിയെ തലമറക്കാൻ അനുവദിച്ചില്ല. വീട്ടിൽനിന്ന് തലമറച്ച് പോകുന്ന കുട്ടി സ്കൂളിലെത്തിയാൽ തട്ടം അഴിച്ച് ബാഗിൽ വെക്കുകയായിരുന്നു പതിവ്. പലതവണ ഇക്കാര്യം ടീച്ചർമാരുമായി സംസാരിച്ചെങ്കിലും അവർ വിട്ടുവീഴ്ച ചെയ്തില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ പരിപാടിയായതിനാൽ കുട്ടി തലമറച്ചു. ഇതാണ് ഇപ്പോൾ പ്രശ്നത്തിനിടയാക്കിയത്.
അഡ്മിഷനായി സ്‌കൂളിൽ പോകുമ്പോൾ ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്നുൾപ്പെടെയുള്ള ഒരു കാര്യവും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവിടെ അഡ്മിഷനെടുക്കുമായിരുന്നില്ല. കുട്ടിയെ പുറത്തുനിർത്തിയിട്ടില്ലെന്ന സ്‌കൂൾ അധികൃതരുടെ വാദം തെറ്റാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമല്ലോ, അവളെ പഠിക്കുന്ന ക്ലാസിൽനിന്ന് പുറത്താക്കിയിരുന്നു, വെള്ളിയാഴ്ച വിളിക്കാൻ പോകുമ്പോൾ മകൾ സ്‌കൂൾ കോമ്പൗണ്ടിൽ വെയിലത്തു നിൽക്കുകയായിരുന്നു’ -അദ്ദേഹം പറഞ്ഞു.
താൻ മക്കള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് പറഞ്ഞു. മൂത്ത മകൾ ലണ്ടനിലാണ് പിജി ചെയ്യുന്നത്. രണ്ടാമത്തെ മകൾ റഷ്യയിൽ എംബിബിഎസിനാണ് പഠിക്കുന്നത്. ഇവരുടെ പഠനാവശ്യങ്ങള്‍ക്കായി എടുത്ത ലോണുകളുണ്ട്. വ്യാജ പ്രചാരണങ്ങള്‍ തിരുത്തിയിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും റീത്താസ് സ്കൂളിൽനിന്ന് ടി.സി വാങ്ങുകയാണെന്നും അനസ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുത്. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകൾക്ക് ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല.
അവിടെ പഠിക്കണോ എന്ന് മകളോട് ചോദിച്ചപ്പോൾ അതിന് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനം. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല.
മകൾ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പോകുമ്പോൾ, അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികൾക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളിൽ ഇനി മകളെ വിടാനാവില്ല. പരാതിയിൽ നീതിപൂർവം ഇടപെട്ട സർക്കാരിന് നന്ദിയുണ്ടെന്നും പിതാവ് അനസ് വ്യക്തമാക്കി.
സംഭവത്തിൽ സ്‌കൂൾ അധികാരികളോ അധ്യാപകരോ ഇതുവരെ തന്നെ വിളിച്ചിട്ടില്ല. ഒരു കാര്യവും ചർച്ച ചെയ്തിട്ടില്ല. താനും കുടുംബവും മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. തങ്ങൾ എന്തോ വലിയ തെറ്റ് ചെയ്തതു പോലെയാണ് ആളുകൾ പറയുന്നത്. അത് വലിയ വിഷമമുണ്ടാക്കി. ഇനിയൊരു കുട്ടിക്കും ഇങ്ങനൊരു അവസ്ഥയുണ്ടാകരുത്. ഇനിയും ഇത്തരത്തിൽ മാനസികസംഘർഷമുണ്ടാക്കുന്ന നടപടി ഒരു വിദ്യാർഥിയോടും രക്ഷിതാക്കളോടും ആ സ്‌കൂൾ അധികൃതർ സ്വീകരിക്കരുത്.
രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി പനികാരണം അവധിയിലായിരുന്നു. നേരത്തെ, ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു.
വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂള്‍ അടച്ചു. പിന്നാലെ, സംഭവത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മെന്‍റും പിടിഎയും പ്രതികരിച്ചതെന്നും സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.‘എന്തിന്‍റെ പേരിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കാൻ പാടില്ല. അതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്’ -മന്ത്രി വിശദമാക്കിയിരുന്നു.
സെന്‍റ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നായിരുന്നു എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. എന്നാൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നായിരുന്നു സെന്റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിന്റെ പ്രതികരണം. ‘ഞങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. യൂണിഫോം സ്കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവ്’ -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.