വി. അനിൽ കുമാർ, വി.സി. ലെനിൽ 

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്​: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കട്ടപ്പന: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച്​ ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയും കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുമായ വി. അനിൽകുമാർ ഉപ്പുതറ പൊലീസിൽ കീഴടങ്ങിയപ്പോൾ, കേസിലെ രണ്ടാം പ്രതിയും കിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ വി.സി. ലെനിലിനെ തിരുവനന്തപുരത്തുനിന്ന്​ പൊലീസ്​ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്നും തന്നോട് സർക്കാർ അനീതിയാണ് കാണിക്കുന്നതെന്ന് ആരോപിച്ചും മേയ് 25ന് സരുൺ സജി കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

സംഭവത്തിൽ 13 പേർക്കെതിരെയാണ് ഉപ്പുതറ പൊലീസ്​ കേസെടുത്തത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. ലാബ് പരിശോധന ഫലത്തിൽ പിടികൂടിയത്​ മാട്ടിറച്ചിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് കേസ് റദ്ദാക്കി. തുടർന്ന് ഒന്നാം പ്രതി ഉൾപ്പെടെ ഏഴുപേർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ആദ്യ മൂന്ന് പ്രതികളായ വി. അനിൽകുമാർ, വി.സി. ലെനിൽ, ജിമ്മി ജോർജ് എന്നിവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ചൊവ്വാഴ്ച തള്ളി. ഇതേ തുടർന്നാണ് പൊലീസ്​ അറസ്റ്റു ചെയ്തത്.

കേസിലെ നാലു മുതൽ ഏഴുവരെയുള്ള പ്രതികളും വനംവകുപ്പ് വാച്ചർമാരുമായ കെ.എൻ. മോഹനൻ, കെ.ടി. ജയകുമാർ, കെ.എൻ. സന്തോഷ്, കെ.എസ്. ഗോപാലകൃഷ്ണൻ, ടി.കെ. ലീലാമണി എന്നിവരോട് 15 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക്​ മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ മരിച്ചു. രണ്ടുപേർ നേരത്തേ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു.

2022 സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എഫ് അന്വേഷണം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട്​ നൽകിയിരുന്നു. തുടർന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസിസ്റ്റന്‍റ്​ ഫോറസ്റ്റ് കൺസർവേറ്ററുമായ ബി. രാഹുൽ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന്​ സസ്​പെൻഡും ചെയ്തു.

കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ്​ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. ഇതിന്റെ തടർച്ചയായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സരുൺ സജി പ്രതികരിച്ചു.

Tags:    
News Summary - False case against tribal youth: Two forest department officials arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.