ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ ഏത് വിധത്തിലുള്ള കൃത്രിമവും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയായി മാത്രമേ നോക്കിക്കാണാൻ സാധിക്കുകയുള്ളൂവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്ലിം ലീഗിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന നിലപാട് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കേണ്ടത്. മുസ്ലിം ലീഗ് കള്ളവോട്ട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചരിത്രം തനിക്കറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സന്ദർഭങ്ങളിെലല്ലാം സ്ത്രീകളടക്കമുള്ള മുസ്ലിം ലീഗ് അണികൾ കൂട്ടമായി വന്ന് വോട്ട് ചെയ്യുന്ന കാഴ്ച കാണാൻ സാധിച്ചിട്ടുണ്ട്. അവർ അത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുള്ള ഒരു സംഭവവും തനിക്ക് ചൂണ്ടിക്കാണിക്കാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആരോപണത്തിൽ അന്വേഷണം നടത്തി, കുറ്റവാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിൽ ഒരിക്കലും താൻ എതിരല്ല. രാഷ്ട്രീയ രംഗത്തെ ജീർണത അവസാനിപ്പിക്കുന്നതിനാണിത് പറയുന്നത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താനുള്ള ധാർമിക സമരവുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കെ.പി.സി.സി പുനഃസംഘടന ഉണ്ടാകും. ഹൈകമാൻഡ് നിർദേശമനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ജംബോ കമ്മിറ്റികൾ ഇനി വേണ്ട എന്നാണ് തീരുമാനം. പ്രവർത്തന മികവും പാർട്ടിയോടുള്ള ആത്മാർത്ഥതയും തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനങ്ങളും പരിഗണിച്ചായിരിക്കും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.