മൂന്നുമാസം മുമ്പ് മരിച്ച യുവാവ് ഗുരുതരാവസ്ഥയിലെന്ന് പറഞ്ഞ് പണപ്പിരിവ്; പരാതിയുമായി മാതാവ്

കാഞ്ഞങ്ങാട്: മൂന്നുമാസം മുമ്പ് വാഹനാപകടത്തിൽ മരിച്ച യുവാവ് ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡയയിലൂടെ പണപ്പിരിവ് നടത്തുന്നതായി പരാതി. പടന്നക്കാട് ദേശീയ പാതയിൽ വാഹനാപകടത്തിൽ മരിച്ച പഴയകടപ്പുറത്തെ പി. ആഷിഖിന്റെ പേരിലാണ് ഒരുസംഘം പണപ്പിരിവ് നടത്തുന്നത്. സംഭവമറിഞ്ഞ് ആഷിഖിന്റെ മാതാവ് പി. ആമിന ഹോസ്ദുർഗ് പൊലിസിൽ പരാതി നൽകി.

യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണപ്പിരിവ്. ആഷിഖിന്റെ ഫോട്ടോയും ആശുപത്രിയിൽ കിടക്കുന്നതായി തെറ്റിദ്ധരിപ്പിച്ചിട്ടുള്ള ചിത്രവും അപകട ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി അയച്ചുകൊടുത്താണ് തട്ടിപ്പ്. സന്ദേശം നിരവധി സ്ത്രീകൾക്ക് അയച്ചുകൊടുത്ത് പണം തട്ടിയതായി പറയുന്നു. രണ്ട് യുവാക്കൾക്കെതിരെയാണ് പരാതി. ഒരാൾ സന്ദേശം അയച്ചുകൊടുക്കും. മറ്റൊരാളുടെ ഗൂഗിൾ പേയുടെ ക്യു.ആർ കോഡും അയച്ചുകൊടുക്കും. ഇതിലേക്ക് പണമയക്കാനാണ് പറയുന്നതെന്ന് പരാതിക്കാർ പറഞ്ഞു.

പലരും തെറ്റിദ്ധരിച്ച് പണം അയച്ചു കൊടുത്തിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഏഴിന് പടന്നക്കാട് വച്ചുണ്ടായ അപകടത്തിലാണ് ആഷിഖും മറ്റൊരു യുവാവും മരിച്ചത്. പണപ്പിരിവ് വ്യാപകമായതോടെയാണ് തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, സംഭവത്തിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും സൈബർ സെൽ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - fake fund collection in the name of youth died three months ago by claiming he is in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.