തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡീസൽ നിർമാണ കേന്ദ്രങ്ങളിലും വിൽപന കേന്ദ്രങ്ങളിലും ജി.എസ്.ടി വകുപ്പിന്‍റെ മിന്നൽ പരിശോധന. ‘ഓപറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ വിവിധ ജില്ലകളിലായി 50ഓളം കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചത്.
കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമാണ്. കേരളത്തിൽ വിപണി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മത്സ്യബന്ധന ബോട്ടുകൾക്കാണ് സംഘം വ്യാജ ഡീസൽ എത്തിക്കുന്നത്. ചില തീരദേശ ഡീസൽ പമ്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് വിതരണം. തുച്ഛ വിലയുള്ള വ്യാജ ഇന്ധനം ‘ഡീസൽ’ എന്ന പേരിൽ വിപണിയിൽനിന്ന് ഒന്നോ രണ്ടോ രൂപ കുറച്ചു വിറ്റ് വൻ കൊള്ള ലാഭമാണ് സംഘം നേടുന്നത്.
പൂർണമായും നികുതിവെട്ടിച്ചാണ് ഈ കച്ചവടം. വ്യാജ ഡീസൽ വിറ്റ പമ്പുകൾക്കും ഉപയോഗിച്ച ബോട്ടുടമകൾക്കുമെതിരെ അന്വേഷണം ആരംഭിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനുള്ള ലൈറ്റ് ഡീസൽ, മായം ചേർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്. വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ നേരത്തെ ഗാതഗത വകുപ്പും പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
വാഹനങ്ങളുടെ പമ്പും നോസിലും വേഗത്തിൽ നശിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യഥാർഥ ഡീസലിലെ വെല്ലുംവിധം നിറത്തിലോ മണത്തിലോ വ്യത്യാസമില്ലാതെയാണ് ഇവ വിപണിയിലെത്തിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നത് അവസരമാക്കിയാണ് കുറഞ്ഞ വിലയില്‍ വ്യാജ ഡീസൽ നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.