മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന അടൂർ യു.ഡി.എഫ് സ്ഥാനാർഥി ശാന്തകുമാർ
പത്തനംതിട്ട: അടൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അപവാദ നോട്ടീസ് വിതരണം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഇവർ സി.പി.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നും നിരപരാധികളാണെന്നും പറഞ്ഞ് ചിറ്റയം ഗോപകുമാർ, പി.ബി. ഹർഷകുമാർ, എ.പി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് നടത്തി. പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് കോൺഗ്രസുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിച്ചത്. നോട്ടീസുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥി സി.വി. ശാന്തകുമാർ കൊലക്കേസ് പ്രതിയെന്നാണ് വ്യാജ നോട്ടീസിലുള്ളത്. അടൂർ, ഇടത്തിട്ട, പറക്കോട് ഭാഗങ്ങളിലാണ് ഇത് വിതരണം ചെയ്തത്. രണ്ടുപേർ അടൂരിലും ഒരാൾ ഇടത്തിട്ടയിലുമാണ് പിടിയിലായത്. ഇവരിൽനിന്നും വ്യാജ നോട്ടീസുകളും കണ്ടെടുത്തു.
ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ശാന്തകുമാർ ഒരുകേസിലും പ്രതിയല്ലെന്നും നിലവിൽ ഒരുകേസും ഇല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അടൂർ ആർ.ഡി.ഒ ഓഫിസ് യു.ഡി.എഫ് സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് ഉപരോധിക്കുകയും ചെയ്തു. നടപടി സ്വീകരിക്കാമെന്ന് ആർ.ഡി.ഒ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു.
അതേസമയം, നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എസ്. പ്രേംകൃഷ്ണൻ പൊലീസിന് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.