ഫേസ്ബുക്കിലൂടെ അപകീര്‍ത്തി: വി.ഡി. സതീശന്‍െറ സ്റ്റാഫിനെതിരെ മന്ത്രിയുടെ പരാതി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ വി.ഡി. സതീശന്‍െറ സ്റ്റാഫിനെതിരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരാതി നല്‍കി.
ഫേസ്ബുക് പോസ്റ്റിട്ട നിസാര്‍ പേരൂര്‍ക്കടക്കെതിരെയാണ് പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയത്. ഡി.ജി.പി സൈബര്‍സെല്ലിന് കൈമാറിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു. നിയമസഭയില്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ഓഫിസിലെ അറ്റന്‍ററാണ് നിസാര്‍.

തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് മന്ത്രിയെ അധിക്ഷേപിച്ചാണ് നിസാര്‍ പോസ്റ്റിട്ടത്. മന്ത്രിയുടെ ഫോട്ടോക്കൊപ്പമാണ് അധിക്ഷേപ വാക്കുകള്‍ പ്രചരിപ്പിച്ചത്.  കശുവണ്ടിയെ കാശുവണ്ടിയാക്കിയ മന്ത്രിയെന്ന് തുടങ്ങുന്ന പോസ്റ്റില്‍ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. വിവാദമായതോടെ നിസാര്‍ പോസ്റ്റ് നീക്കി.

നിസാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. നിയമസഭയില്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി വി.ഡി. സതീശന്‍ ചുമതലയേറ്റപ്പോഴാണ് നിസാറിന് ജോലി ലഭിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം വാങ്ങുന്നയാളെന്ന നിലക്ക് മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടയാള്‍ക്കെതിരെ നിയമ നടപടിക്ക് പുറമെ സര്‍ക്കാറിനും നടപടി സ്വീകരിക്കേണ്ടിവരും. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടത്തിയെന്ന് നിയമസഭയില്‍ വി.ഡി. സതീശന്‍ എം.എല്‍.എ ആരോപിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് നിസാര്‍ പോസ്റ്റിട്ടത്.

 

Tags:    
News Summary - facebook post against minister mercykkutty amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.