ദുരന്തത്തിന് ആക്കം കൂട്ടിയത് കരിങ്കൽ ക്വാറികളെന്ന് വിദഗ്ധർ

കോഴിക്കോട്:പേരാവൂരടക്കം ഉരുൾപൊട്ടലിന് കാരണമായത് അശാസ്ത്രീയമായ ഖനനമെന്ന് പരിസ്ഥിതി വിദഗ്ധർ. സംസ്ഥാനത്തെ ദുരന്തനിവരണപ്രവർത്തനം തമാശയായെന്നാണ് പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനം പറയുന്നത്. ഉരുൾപൊട്ടി മനുഷ്യർ മണ്ണിനടയിലായശേഷം ദുരന്ത നിവാരണ പ്രവർത്തനം നടത്തിയിട്ട് കാര്യമില്ല. മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശങ്ങളെ അടയാളപ്പെടുത്താതെയും സംരക്ഷിത മേഖലകൾ പ്രഖ്യാപിക്കാതെയും ഇനി മുന്നോട്ട് പോകാനാവില്ല.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന ജനങ്ങളെ മാറ്റിപ്പാർക്കണം. അവിടെ വികസന പ്രവർത്തനം നടത്തിയാൽ പ്രകൃതിയുടെ തിരിച്ചടിയുണ്ടാവും. ചെങ്കുത്തായ മലകൾ വെട്ടി നിരത്തി റിസോർട്ടുകളും മറ്റും നിർമിക്കാൻ ഗ്രമപഞ്ചായത്തുകൾ അനുമതി നൽകുന്നു. ചെങ്കുത്തായ വൻമലകളിൽപോലും ക്വറികൾ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

പേരാവൂരിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദുർബലപ്രദേശത്ത് നിയന്ത്രണമില്ലാതെ ഖനനം നടത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. മലയിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഖനന പ്രവർത്തനത്തിന് സർക്കാർ അനുമതി നൽകി.ഉരുൾപൊട്ടലിന് 80 ശതമാനം കാരണം ക്വാറിയിങ് തന്നെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഒരുദിവസം മഴപെയ്താൽ സംഭവിക്കുന്ന പ്രതിഭാസമല്ല ഉരുൾപൊട്ടൽ. മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൻതോതിൽ മണ്ണിളക്കിയിരുന്നു.ക്വാറിയിങ് നടത്തുമ്പോൾ വെള്ളം പാറയിലെ വിള്ളലുകളിലേക്ക് ഇറങ്ങും.കാലാവസ്ഥാവ്യതിയാനമാണെന്ന് പറയുമ്പോഴും കേരളത്തിൽ ഇത് ആഞ്ഞടിക്കുന്നതിന് കാരണം ആശാസ്ത്രീയ പ്രവർത്തനങ്ങളാണ്.

നിബിഡവനങ്ങളും മലമ്പ്രദേശങ്ങളും അരിഞ്ഞ് നീക്കി. ഉരുൾപൊട്ടിയപ്പോൾ സർക്കാർ വികസനത്തിനായി ചെലവഴിച്ച് കോടികളാണ് വെള്ളത്തിൽ ഒഴുകുന്നത്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളിലും ഉരുൾപൊട്ടൽ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്. മൂന്നിലവിടക്കം പൊലീസ് സഹായത്തോടെ വമ്പന്മാരാണ് കരിങ്കൽ ക്വാറികൾ നടത്തുന്നത്. മൂന്നിലവിൽ ക്വാറി പ്രവർത്തനം നേരത്തെ തുടങ്ങിയത് സംസ്ഥാനത്തെ അറിയപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമാണ്. അവരിൽ ഒരാൾ ആദിവാസി ഭൂമിയിലാണ് ഖനനം തുടങ്ങിയത്.

പൊലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയ ആദിവാസികൾക്കെതിരെ ഭീഷണി മുഴക്കി. കൂട്ടിക്കൽ ഉരുൾപൊട്ടലിന്റെ തലസ്ഥാനമാണ്. റബ്ബർ കൃഷിയും പൈനാപ്പിൾ കൃഷിയും കോടികൾ മുടക്കി നിർമിക്കുന്ന വീടുകളും പരിസ്ഥിതിയെ തകർത്തു. ആലപ്പുഴ പത്തനംതിട്ട ജില്ലകളും കുട്ടനാടും വെള്ളത്തിൽ മുങ്ങുമോയെന്ന ഭയത്തിലാണ് കേരളം. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ഖനനം കൂടി കഴിയുമ്പോൾ കേരളം കൂടുതൽ ദുരന്തത്തിലേക്ക് എത്തിക്കും. അത് ബാധിക്കുക തെക്കൻ കേളത്തെയാവും.

Tags:    
News Summary - Experts say that the granite quarries fueled the disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.