കൊച്ചി: മലപ്പുറം ഓര്‍ങ്ങാട്ടേരി പഞ്ചായത്തിലെ ചിങ്കണ്ണിപാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ബന്ധുവിെൻറ ഉടമസ്ഥതയിലുള്ള സ്ഥലെത്ത തടയണ പൊളിച്ചു നീക്കാൻ വിദഗ്ധ സമിതി ശിപാർശയുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. ഇടത്തര ം അപകടസാധ്യത കൂടിയ മേഖലയിലാണ് തടയണയെന്നും അടുത്ത മഴക്കാലത്തിന് മുമ്പ് പൊളിച്ചു നീക്കിയില്ലെങ്കിൽ ഗുരുത ര പ്രത്യാഘാതത്തിന് സാധ്യതയുണ്ടെന്നുമാണ് സമിതി റിപ്പോർട്ട്.
അതിനാൽ, മൺസൂണിന് മുമ്പ് കോടതി തീരുമാനമെടുക്കണമെന്ന് ആർ.ഡി.ഒക്ക് വേണ്ടി സീനിയർ സൂപ്രണ്ട് എൻ.ജെ യൂജിൻ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമം ലംഘിച്ച് നിർമിച്ച തടയണ പൊളിച്ചു നീക്കണമെന്ന കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫും ചെക്ക് ഡാം സുരക്ഷ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി സമർപ്പിച്ച മറ്റു ഹരജികളുമാണ് കോടതി പരിഗണിച്ചത്.
തടയണ സുരക്ഷ ഭീഷണി ഉയർത്തുന്നുവെന്ന പരാതിയുെട അടിസ്ഥാനത്തിൽ ജില്ല ജിയോളജിസ്റ്റ്, ജലസേചന എക്സി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ കലക്ടർ നിയമിച്ചിരുന്നതായി സത്യവാങ്മൂലം പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇൗ മേഖലയിൽ നാല് ഉരുൾപൊട്ടൽ ഉണ്ടായതായും ഇടത്തരം അപകടത്തിന് സാധ്യതയുള്ള മേഖലയാണിതെന്നും സമിതി റിപ്പോർട്ട് നൽകി.
മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നു. മണ്ണിടിച്ചിലുണ്ടായാൽ തൊട്ടു താഴെ 20 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ‘കരിമ്പ് കോളനി’ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകും. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാതെ അശാസ്ത്രീയമായാണ് തടയണ നിർമാണം. പരിസ്ഥിതി ലോല പ്രദേശമായ ചീങ്കണ്ണി പാലിയിലേക്കുള്ള നീരൊഴുക്ക് തടയുന്നതാണ് ഇൗ തടയണ. ഇതോടെ വിശാലമായ കാട് നശിക്കുകയും മുൾക്കാടായി മാറുകയും ചെയ്യും. വന്യജീവികൾ കുടിവെള്ളത്തിനും മറ്റുമായി നാട്ടിലേക്കിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.