തിരുവനന്തപുരം: ഇരുമുന്നണികളെയും ഞെട്ടിച്ച് നിർണായക ശക്തിയാകുമെന്ന അവകാശവാദവുമായി നിലകൊള്ളുന്ന ബി.ജെ.പിയെ പതിവുപോലെ ആശങ്കപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ. പ്രതീക്ഷിച്ച ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല, തങ്ങളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. ഇതിനൊപ്പം, എസ്.ഐ.ആറിനെ തുടർന്ന് വോട്ടർമാരുടെ എണ്ണം കുറഞ്ഞതും എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലും തിരിച്ചടിയായെന്ന ആശങ്കയുമുണ്ട്.
വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ബൂത്തുതല കണക്കെടുപ്പ് പൂർത്തിയായപ്പോൾ അവരുടെ ആശങ്ക വർധിക്കുകയാണ്. പണം, മദ്യം, കിറ്റ് എന്നിവ നൽകിയാണ് വോട്ട് പിടിച്ചതെന്ന ആരോപണങ്ങളും തിരിച്ചടിയായെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. ഏറെ പ്രതീക്ഷയുള്ള പാലക്കാട്ട് ശോഭ സുരേന്ദ്രൻ ആദ്യമുണ്ടാക്കിയ ആധിപത്യം വോട്ടെടുപ്പ് ദിനത്തിൽ നഷ്ടപ്പെട്ടെന്നാണ് സൂചന. നഗരസഭയിലെ വോട്ട് എണ്ണിത്തീരുമ്പോൾതന്നെ ജയിക്കുമെന്ന് ജില്ല നേതൃത്വം അവകാശപ്പെടുമ്പോഴും പഞ്ചായത്തുകൾ അനുകൂലമാകുമോയെന്ന് ഉറപ്പിച്ച് പറയാൻ അവർക്ക് സാധിക്കുന്നില്ല.
നേമം തിരിച്ചുപിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെതന്നെ ഇറക്കിയെങ്കിലും അവിടെയും ജയം ഉറപ്പിച്ചുപറയാൻ ബി.ജെ.പിക്ക് സാധിക്കാത്തത് മുസ്ലിം വോട്ടുകൾ കാരണമാണ്. വിജയം പ്രതീക്ഷിക്കുന്ന മറ്റു മണ്ഡലങ്ങളായ കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നെന്ന് ബി.ജെ.പി ഭയക്കുന്നു. മഞ്ചേശ്വരത്ത് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച എസ്.ഡി.പി.ഐ വോട്ടുകൾ പോലും യു.ഡി.എഫിന് കിട്ടിയെന്ന സൂചനയാണ് കെ. സുരേന്ദ്രൻ ക്യാമ്പിനെ നിരാശപ്പെടുത്തുന്നത്. അതിനൊപ്പം എസ്.ഐ.ആർ മൂലം അവിടെ വോട്ട് നഷ്ടം കൂടുതൽ സംഭവിച്ചത് ബി.ജെ.പിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.